കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റ് എംപി സന്ദര്‍ശിച്ചു. ബെന്നി ബെഹനാന്റെ ഭാര്യയെ അദ്ദേഹം സമാധാനിപ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ് അദ്ദേഹത്തെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കാക്കനാട് സൺറൈസ് ആശുപത്രിയിൽ ആണ് ബെന്നി ബെഹനാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
‘അദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ബന്ധുമിത്രാദികളോടും ഡോക്ടറോടും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു.. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എത്രയും വേഗം സുഖം പ്രാപിച്ചു പൂർണ ആരോഗ്യവാനായി തിരഞ്ഞെടുപ്പു രംഗത്ത് സജീവമാകാൻ കഴിയട്ടെ,’ ഇന്നസെന്റ് വ്യക്തമാക്കി.
ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം വീട്ടിലെത്തിയ ബെഹനാന് ഇന്ന് പുലർച്ചെ മൂന്നോട് കൂടിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യയും സഹായികളും കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകിയായിരുന്നു അദ്ദേഹം വീട്ടിലെത്തിയത്. തുടർന്നായിരുന്നു പുലർച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തിരമായി ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. രാവിലെ 6.30ഓടെയാണ് സർജറി ചെയ്തത്.
മൈനർ അറ്റാക്കാണ് ബെഹനാന് അനുഭവപ്പെട്ടതെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ ബെന്നി ബെഹനാൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമേ അദ്ദേഹത്തിന് എത്ര നാള്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയുളളൂ.