കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അമ്മയെ കുറിച്ചുവന്ന വാര്‍ത്തകള്‍ വിഷമിപ്പിച്ചുവെന്ന് പ്രസിഡന്റ് ഇന്നസെന്റ് എംപി. ഇരയുടെ കൂടെ തന്നെയാണ് സംഘടന നിന്നതെന്നും നടി ആക്രമിക്കപ്പെട്ടപ്പോള്‍ നിയമ നടപടിക്കായി മുഖ്യമന്ത്രിയെ ആദ്യം വിളിച്ചത് താനാണെന്നും ഇന്നസെന്റ് വ്യക്തമാക്കി.

“അമ്മ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മുകേഷും ഗണേഷ്കുമാര്‍ എംഎല്‍എയും മോശമായാണ് പെരുമാറിയത്. അതിന് ഞാന്‍ മാപ്പു ചോദിക്കുന്നു. എന്നാല്‍ പ്രകോപനപരമായ ചോദ്യം രണ്ട് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത് കൊണ്ടാണ് അവരങ്ങനെ പെരുമാറിയത്. വേണമെങ്കില്‍ അവരോട് മിണ്ടാതിരിക്കാന്‍ എനിക്ക് ശാസിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അത് പറഞ്ഞില്ല. ആവേശം കൊണ്ടാണ് അവര്‍ ബഹളം വെച്ചത്. ഇരുവരുടേയും പെരുമാറ്റം എന്റെ പ്രതിച്ഛായ പോലും മോശമാക്കി. താരങ്ങളുടെ ഈ മോശം പെരുമാറ്റത്തില്‍ മാപ്പു ചോദിക്കുന്നു”, ഇന്നസെന്റ് വ്യക്തമാക്കി.

“അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഞാന്‍ രാജിവെക്കുന്നുവെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണ്. ഇതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല, വേണ്ടെന്നു പറഞ്ഞിട്ടും തന്നെ നിര്‍ബന്ധിച്ചാണ് വീണ്ടും പ്രസിഡന്റ് ആക്കിയത്. ഇനി ഒരു വര്‍ഷം കൂടി ഉത്തരവാദിത്വം നിറവേറ്റി തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

അമ്മ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗണേഷ്കുമാര്‍ അയച്ച കത്ത് തന്നെ വിഷമിപ്പിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനമുളളതാണെന്ന് അറിഞ്ഞത് കൊണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നടി ആക്രമിക്കപ്പെട്ട കേസുമായി എന്തെങ്കിലും പങ്കുണ്ടോയെന്ന് ഞാന്‍ ദിലീപിനോട് ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് പങ്കില്ലെന്നാണ് ദിലീപ് പറഞ്ഞത്. ഗൂഢാലോചനയുമായും ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും ഇന്നസെന്റ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ