അന്തരിച്ച പ്രമുഖ സംവിധായകൻ ഐ.വി.ശശിയുടെ ഓർമകളിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ. സംവിധായകനെ നോക്കി സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി തുടങ്ങിയത് ഐ.വി.ശശി സിനിമകളുടെ വരവോടെയാണെന്ന് നടന്‍ ഇന്നസെന്റ് പറഞ്ഞു. നടനല്ല, സംവിധായകനാണ് വലിയ ആള്‍ എന്ന് നമ്മളെ മനസ്സിലാക്കി തന്നതും ഐ.വി.ശശിയാണെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. ‘അദ്ദേഹം സിനിമയെ കുറിച്ചു മാത്രമേ ചിന്തിക്കാറുള്ളൂ, സിനിമയെ കുറിച്ചു മാത്രമേ സംസാരിക്കാറുള്ളൂ.’ സിനിമയ്ക്കു വേണ്ടി മാത്രം ജനിച്ച അദ്ദേഹത്തിന്റെ വേര്‍പാട് വലിയൊരു നഷ്ടമാണെന്നും ഇന്നസെന്റ് പറഞ്ഞു.

മലയാള സിനിമയില്‍ ഏറ്റവുമധികം വൈവിധ്യമുള്ള സിനിമകള്‍ ചെയ്ത സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളൂ, അത് ഐ.വി.ശശിയാണെന്ന് നടന്‍ ജഗദീഷ് പ്രതികരിച്ചു. സാഹിത്യ ലോകത്തെ പ്രതിഭകളുടെ സൃഷ്ടികള്‍ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനും കൂടിയാണ് ഐ.വി.ശശി, എല്ലാവര്‍ക്കും ഐ.വി.ശശി ഒരു മാതൃകയാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ഐ.വി.ശശി സിനിമയെ പ്രണയിക്കുക മാത്രമായിരുന്നില്ല, സിനിമയില്‍ ജീവിക്കുക തന്നെയായിരുന്നുവെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഓർമിച്ചു. മലയാള സിനിമയുടെ മുഖ്യധാരയില്‍ പുതിയ ഭാവുകത്വത്തിന്റെ ഏട് എഴുതിച്ചേര്‍ത്തവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം വേണ്ടരീതിയില്‍ ആഘോഷിക്കപ്പെട്ടിട്ടില്ലെന്നും ജോണ്‍ പോള്‍ പറഞ്ഞു.

ഐ.വി.ശശി ഒരു തലമുറയുടെ സംവിധായകനായിരുന്നുവെന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രതികരിച്ചത്. സിനിമയുടെ വ്യാകരണം തന്നെ മാറ്റി എഴുതിയ ആളാണ് ഐ.വി.ശശി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ