scorecardresearch
Latest News

ഇന്നസെന്റ് ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവർത്തിച്ചാൽ, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകുമെന്ന് ഇന്നസെന്റ്

ഇന്നസെന്റ് ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എംപി പെൻഷൻ സംഭാവന ചെയ്ത് മുൻ എംപി ഇന്നസെന്റ്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തിയാണ് ജില്ലാ കലക്ടർ എസ്. ഷാനവാസിന് ഇന്നസെന്റ് കൈമാറിയത്.

25,000 രൂപയാണ് മുൻ എംപി എന്ന നിലയിൽ ഇന്നസെന്റിന് ലഭിക്കുന്ന പ്രതിമാസ പെൻഷൻ. ഒരു വർഷത്തെ പെൻഷൻ തുക പൂർണമായും ദുരിതബാധിതർക്കായി നീക്കിവയ്ക്കുകയാണെന്ന് ഇന്നസെന്റ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

എംപി ആയിരിക്കേ, രണ്ട് സന്ദർഭങ്ങളിലായി ആറ് മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നസെന്റ് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് രണ്ട് മാസത്തേയും 2018ലെ പ്രളയകാലത്ത് നാല് മാസത്തേയും ശമ്പളമാണ് ഇപ്രകാരം നൽകിയത്. ഒട്ടാകെ മൂന്ന് ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറിയിട്ടുണ്ട് മുൻ എംപിയായ ഇന്നസെന്റ്.

സംഭാവന ചെയ്ത കാര്യങ്ങൾ വിളിച്ചു പറയുന്നത് ഇഷ്ടപ്പെടുന്നില്ല. പക്ഷേ, എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവർത്തിച്ചാൽ, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും താൻ കരുതുന്നതായും ഇന്നസെന്റ് പറഞ്ഞു.

Read Also: ‘അള്ളാഹൂവിനെ മുന്‍ നിര്‍ത്തിയാണ് ചെയ്തത്, വെെറലായി പോയതാണ്’: നൗഷാദ് പറഞ്ഞതു കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ ഗുണഭോക്താവാണെന്നും നാം മറക്കരുതെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു. കെ.വി.അബ്ദുൾ ഖാദർ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Innocent donates mp pension fund to cmdrf rebuild kerala