തൃശൂർ: കോൺഗ്രസ് തിരിച്ചു വരണമെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണമെന്ന് നടനും രാഷ്ട്രീയപ്രവർത്തകനുമായ ഇന്നസെന്റ്. കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്നസെന്റ് പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല,” ഇന്നസെന്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു…
Posted by Innocent on Wednesday, 10 March 2021
2014 മേയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ഇന്നസെന്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പി.സി.ചാക്കോ ആയിരുന്നു എതിരാളി. എന്നാൽ 2019ൽ വീണ്ടും ജനവിധി തേടിയ ഇന്നസെന്റ് ബെന്നി ബെഹനാനോട് പരാജയപ്പെടുകയായിരുന്നു.