കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും പിരിച്ചുവിട്ടു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ നേതൃത്വത്തില്‍ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാർട്ടി വ്യക്തമാക്കി. പകരം അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍.
അതേസമയം അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടിയെ തള്ളിക്കളയുന്നതായി സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു.
സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട അഖിലേന്ത്യാ നേതൃത്വത്തിൻ്റെ നടപടിയെ തള്ളിക്കളയുന്നതായി കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും ഇരു വിഭാഗത്തിൽ നിന്നും അഞ്ചു പേർ വീതമുള്ള ഒരു അനുരജ്ഞന സമിതിയെ മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തിൽ തെരഞ്ഞെടുത്തിരുന്നു. ഈ സമിതിയെ വിളിച്ചു ചേർക്കാനും ഉള്ളു തുറന്ന ചർച്ച നടത്താനുമുള്ള നിർദ്ദേശത്തെ ഒരു വിഭാഗം തള്ളിക്കളയുകയാണുണ്ടായത്. അഖിലേന്ത്യാ നേതൃത്വം അവരുടെ നിലപാടിനെ അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമല്ലാതെ സംസ്ഥാന വിഷയങ്ങളിൽ അഖിലേന്ത്യാ കമ്മിറ്റി ഇടപെടരുതെന്ന് പോലും മദ്ധ്യസ്ഥ വ്യവസ്ഥയിലുണ്ടെന്നിരിക്കെ അഖിലേന്ത്യാ കമ്മറ്റിയുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും കമ്മിറ്റി വാർത്താക്കുറിപ്പിൽ പറയുന്നു.
സംസ്ഥാനത്തെ ഭൂരിപക്ഷം പ്രവർത്തകരും ഈ തീരുമാനത്തിനെതിരാണ്. ദേശീയ കമ്മിറ്റിയെക്കൊണ്ട് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാൻ മാസങ്ങളായി ഒരു വിഭാഗം നടത്തി വരുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലുള്ളത്. ഇതംഗീകരിക്കുന്ന പ്രശ്നമേയില്ല. ഇടത് പക്ഷ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തേണ്ട ഒരു ഘട്ടത്തിൽ അതിനെ തുരങ്കം വെക്കുന്ന തരത്തിൽ ആരിടപെട്ടാലും അതിനെ ചോദ്യം ചെയ്യും. ഇടത് പക്ഷത്തോടൊപ്പം ഉറച്ച് നിന്നു കൊണ്ട് പാർട്ടി ശക്തമായി മുന്നോട്ട് പോകും. സംസ്ഥാന സമിതി വിളിച്ചു ചേർത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.