കോഴിക്കോട്: പുണെ ഇൻഫോസിസിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിനി രസീല രാജുവിനെ കന്പനി മാനേജർ ഭീഷണിപ്പെടുത്തിയിരുന്നെന്ന ആരോപണവുമായി ബന്ധുക്കൾ. ഞായറാഴ്ച വൈകിട്ട് 4.55 ന് മാതൃ സഹോദരിയുടെ മകൾ ആതിരയാണ് രസീലയുമായി അവസാനം ഫോണിൽ സംസാരിച്ചത്. മാനേജരിൽനിന്നും നേരിടുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ചാണ് സംസാരത്തിലുടനീളം പറഞ്ഞതെന്നും ബന്ധുക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു.

പിടിയിലായ സുരക്ഷാ ജീവനക്കാരനെക്കുറിച്ച് രസീല ഒരിക്കലും പരാതിയൊന്നും പറഞ്ഞിരുന്നില്ല. ജോലിക്കു കയറിയ ആദ്യമാസങ്ങളിൽ രസീല സന്തോഷവതിയായിരുന്നു. തുടർന്നുള്ള മാസങ്ങളിൽ മാനേജരിൽനിന്ന് ഭീഷണി നേരിടുന്നതായി സഹോദരനെ അറിയിച്ചിരുന്നു. പൂണെയിൽനിന്നും ട്രാൻസ്ഫർ ലഭിക്കാത്തതിൽ രസീല സങ്കടത്തിലായിരുന്നു. മാനേജർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് പുണെയിലുള്ള ഇൻഫോസിസ് കെട്ടിടത്തിൽ രസീലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സുരക്ഷാ ജീവനക്കാരനായ ബാബൻ സൈക്കിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ തുറിച്ചു നോക്കിയെന്നു പറഞ്ഞ് രസീല ദേഷ്യപ്പെടുകയും സെക്യൂരിറ്റി ഓഫിസർക്കു പരാതി നൽകുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യം മൂലമാണ് രസീലയെ ആക്രമിച്ചതെന്നാണ് പ്രതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ