മഞ്ചേരി: മലപ്പുറം ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന, പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. 20 ദിവസം മുൻപാണ് ഇവർ കോയമ്പത്തൂരിൽ നിന്ന് എത്തിയത്.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു മരണം. കുഞ്ഞിന് ശ്വാസ തടസം ഉണ്ടായിരുന്നു. കുട്ടിയുടെ സ്രവം പരിശോധനക്കയച്ചിരുന്നു. കുഞ്ഞിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം സ്വദേശിയായ മുൻ സന്തോഷ് ട്രോഫി താരം ഇളയിത്ത് ഹംസക്കോയയുടെ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 61 വയസായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 15 ആയി.

Read More: കേരളത്തിൽ കോവിഡ് മരണം 15 ആയി; മരിച്ചത് മുൻ സന്തോഷ് ട്രോഫി താരം

പത്ത് ദിവസം മുമ്പാണ് മഹാരാഷ്ട്രയിൽ നിന്ന് കുടുംബത്തോടൊപ്പം ഇദ്ദേഹം നാട്ടിലെത്തിയത്. ആദ്യം ഹംസക്കോയയുടെ ഭാര്യയ്ക്കും മകനുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ.

ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഇതേതുടർന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ പ്ലാസ്മ തെറാപ്പി നടത്തുകയായിരുന്നു. രോഗം ഭേദമായ തിരൂര്‍, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഇദ്ദേഹത്തിന്റെ ചികിത്സക്കായി ഉപയോഗിച്ചത്.

സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ഇദ്ദേഹം നെഹ്റു ട്രോഫി ഇന്ത്യൻ ടീം ഭാഗമായിരുന്നു. മുൻ കാലിക്കറ്റ് വാഴ്സിറ്റി താരവുമാണ്.

ഭാര്യയ്ക്കും മകനും പുറമെ മൂന്നു മാസവും മൂന്നു വയസ്സും പ്രായമുള്ള രണ്ടു പേരക്കുട്ടികൾക്കും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തിൽ 5 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook