തൃശൂർ: പുഴയ്ക്കലിൽ കനാലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊന്ന ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവൽ (25), ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇന്നലെയാണ് പുഴയ്ക്കലിൽ എംഎൽഎ റോഡിലെ കനാലിൽ നവജാതശിശുവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബൈക്കിൽ രണ്ടുപേർ എത്തി ചാക്ക് കനാലിൽ ഉപേക്ഷിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇത് ഇമ്മാനുവലും സുഹൃത്തുമായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
അയൽവാസികളായ ഇമ്മാനുവലും മേഘയും രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. ഗർഭിണിയായ മേഘ ശനിയാഴ്ച വീട്ടിൽ പ്രസവിക്കുകയായിരുന്നു. അവിവാഹിതയായ യുവതി ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കുഞ്ഞ് ജനിച്ച ശേഷം ബക്കറ്റിലെ വെള്ളത്തിൽ മുക്കി മേഘ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഒരു ദിവസം രാത്രി മുഴുവൻ കട്ടിലിനടിയിൽ സൂക്ഷിച്ച ശേഷം ഞായറാഴ്ച കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ മേഘ കുറ്റം സമ്മതിച്ചതായാണ് വിവരം.
Also Read: കൊച്ചിയിൽ നിയമവിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് ലഹരിമരുന്ന് പിടികൂടി