തിരുവനന്തപുരം: വ്യവസായങ്ങൾ അടപ്പിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. വ്യവസായ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മാതമംഗലത്തെ വിഷയം പരിഹരിക്കുന്നതിനായി 21 ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. ലേബർ കമ്മിഷണർ എസ്. ചിത്ര ഐഎഎസിന്റെ നേതൃത്വത്തിലാണ് ചർച്ച.
“തൊഴിൽ പ്രശ്നങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലാളി, തൊഴിലുടമ ബന്ധം ശക്തമാക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തെ തൊഴിലന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല,” മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷേമം, സമാധാനപരമായ തൊഴിലന്തരീക്ഷം എന്നിവയോടൊപ്പം പുതിയ തൊഴിലവസര സൃഷ്ടിയും കൂടി ലക്ഷ്യം വെച്ചുള്ള വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. തൊഴിലാളി,തൊഴിലുടമ, സർക്കാർ എന്നിങ്ങനെ ത്രികക്ഷി സമ്പ്രദായം ശക്തിപ്പെടുത്തി ഉഭയകക്ഷി ചർച്ചകളിലൂടെ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുക എന്നതാണ് നിലപാടെന്നും മന്ത്രി.
“തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു വരികയാണ്. തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ആരോഗ്യകരമായ തൊഴിൽ ബന്ധങ്ങളും തൊഴിൽ സംസ്കാരവും ആണ് സർക്കാർ ലക്ഷ്യം വെക്കുന്നത്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാതമംഗലം വിഷയം
മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ സിഐടിയു ഉപരോധത്തെ തുടര്‍ന്ന് എസ്ആര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനം അടയ്ക്കേണ്ടതായി വന്നു. ആറുമാസം മുന്‍പ് തുടങ്ങിയ എസ്ആര്‍ അസോസിയേറ്റ്സിനു സമീപം 50 ദിവസമായി സിഐടിയു ചുമട്ടുതൊഴിലാളികള്‍ ഉപരോധസമരം നടത്തുകയാണ്. കയറ്റിയിറക്കിന് കോടതി വിധിയെത്തുടര്‍ന്ന് നാലു ജീവനക്കാരെ നിയമിച്ചതാണ് പ്രശ്നത്തിനു കാരണം. ആദ്യം കടയില്‍ കയറി ജീവനക്കാരെ ആക്രമിക്കുകയും പിന്നീട് ഉപരോധം ആരംഭിക്കുകയുമായിരുന്നെന്നാണ് സ്ഥാപന ഉടമ പറയുന്നത്.
Also Read: നിയമസഭാസമ്മേളനം വെള്ളിയാഴ്ച മുതല്‍; ബജറ്റ് അവതരണം മാര്‍ച്ച് 11 ന്