തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗൊ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വധശ്രമം, മനപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ജയരാജനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. നേരത്തെ, ഇന്‍ഡിഗോ വിമാനക്കമ്പനി ജയരാജനു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലെനി തോമസാണു തിരുവനന്തപുരം വലിയതുറ പൊലീസിനു നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, വി എം സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിക്കെ വിമാനത്തില്‍ പ്രതിഷേധിച്ച കണ്ണൂര്‍ സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍ കുമാര്‍ എന്നിവരുടെ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം. മനഃപൂര്‍വമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കു കേസ് റജിസ്റ്റര്‍ ചെയ്യാനാണു നിര്‍ദേശം.
വിമാനത്തില്‍ പ്രതിഷേധിച്ച തങ്ങളെ ഇ പി ജയരാജന്‍ മര്‍ദിച്ചതായി ചൂണ്ടിക്കാണിച്ചാണു ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ഹര്‍ജി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണു കോടതിയെ സമീപിക്കുന്നതെന്നാണു ഹര്‍ജിയില്‍ പറയുന്നത്. ഇ പി ജയരാജനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്നു മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍, ഇ പി ജയരാജനെ വിമാനയാത്രയില്‍നിന്നു മൂന്നാഴ്ചത്തേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കഴിഞ്ഞദിവസം വിലക്കിയിരുന്നു. ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും രണ്ടാഴ്ചത്തേക്കാണു വിലക്ക്.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.
മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധം ആസൂത്രണം ചെയ്തത് ശബരീനാഥനാണെന്ന് സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണു ഇന്നലെ രാവിലെ ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ശംഖുമുഖം അസിസ്റ്റന്റ കമ്മീഷണര്‍ക്ക് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്.
മൂന്നു ദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, മൊബൈല്‍ ഫോണ്‍ ഹാജരാക്കണം, 50,000 രൂപ ബോണ്ട് എന്നീ ഉപാധികളോടെയാണു കോടതി ജാമ്യം അനുവദിച്ചത്.