തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തിൽ ഇൻഡിഗോ ഡിജിസിഎയ്ക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. മുദ്രാവാക്യം വിളിച്ചവരെ ക്യാബിൻ ക്രൂ ശാന്തരാക്കാൻ ശ്രമിച്ചെന്നും എന്നാൽ ഇവർ പ്രതിഷേധം തുടർന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റൊരു യാത്രക്കാരൻ പ്രതിഷേധിച്ചവരെ തള്ളിമാറ്റിയെന്നും ഇൻഡിഗോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് ഇൻഡിഗോ ഡിജിസിഎയ്ക്ക് കൈമാറിയത്.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തെന്നും നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും ഇൻഡിഗോ ഗ്രൗണ്ട് മാനേജർ പൊലിസിന് റിപ്പോർട്ട് നൽകിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇപി ജയരാജൻ തടഞ്ഞതും റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.
സംഭവത്തിൽ കഴിഞ്ഞ ദിവസം ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരുന്നു. ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി.
അതേസമയം, റിമാൻഡിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വധശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകളാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റേയും അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
Also Read: ‘മുഖ്യമന്ത്രി പറഞ്ഞത് കള്ളം, ക്ലിഫ് ഹൗസില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്’: സ്വപ്ന സുരേഷ്