കൊച്ചി: ജിദ്ദയിലേക്ക് കൊച്ചിയില്‍ നിന്നും പുതിയ സര്‍വ്വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍. കൊച്ചിയേയും ജിദ്ദയേയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് സര്‍വ്വീസ്. ഡല്‍ഹി-ജിദ്ദ സര്‍വ്വീസിന് ശേഷം ഇന്‍ഡിഗോ അവതരിപ്പിക്കുന്ന ജിദ്ദയിലേക്കുള്ള സര്‍വ്വീസാണിത്. ജൂണ്‍ അഞ്ചിനായിരുന്നു ഡല്‍ഹി-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചത്.
കൊച്ചി-ജിദ്ദ സര്‍വ്വീസ് സെപ്തംബര്‍ 16 മുതല്‍ ആരംഭിക്കും. രാവിലെ ആറരയ്ക്കാണ് കൊച്ചിയില്‍ നിന്നുള്ള വിമാനം പറന്നുയരുക. ഉച്ചയ്ക്ക് ഒന്നേ പത്തിന് ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് തിരിച്ചു പറക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
”ഹജ്ജ് അടക്കമുള്ള കാരണങ്ങളാല്‍ ഒരുപാട് സഞ്ചാരികള്‍ ഉള്ളതായിരിക്കും ഈ സര്‍വ്വീസ്. രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ടൂറിസവും ഗാതാഗതവും മെച്ചപ്പെടുത്താന്‍ ഈ ഡയറക്ട് സര്‍വ്വീസ് സഹായിക്കും” ഇന്‍ഡിഗോയുടെ ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ വില്യം ബട്ട്ലര്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് ഇന്‍ഡിഗോയുടെ വെബ് സൈറ്റില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.