കണ്ണൂർ: രാജ്യത്തെ പ്രമുഖ എയർലൈൻസ് കമ്പനിയായ ഇൻഡിഗോ എയർലൈൻസ് കണ്ണൂർ വിമാനത്താവളത്തിൽനിന്നും സർവ്വീസ് ആരംഭിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിൽനിന്നും ദിവസേന ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി എന്നിവിടങ്ങളിലേക്ക് 2019 ജനുവരി മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്.
ബിസിനസ്, വിനോദ സഞ്ചാരം എന്നീ മേഖലയെ ലക്ഷ്യമിട്ടാണ് സർവ്വീസ് ആരംഭിക്കുന്നതെന്നും, ചെലവ് കുറഞ്ഞ വിമാനയാത്ര ആഗ്രഹിക്കുന്ന യാത്രികർക്കായാണ് സർവ്വീസ് ആരംഭിക്കുന്നതെന്നും ഇൻഡിഗോ കമ്പനി അധികൃതർ പറഞ്ഞു. ടിക്കറ്റ് ബുക്കിങ്ങിനും യാത്രയെക്കുറിച്ച് അറിയാനും http://www.goindigo.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രാരംഭഘട്ടത്തിൽ ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി എന്നിവിടങ്ങളിലേക്ക് മാത്രമാണ് സർവ്വീസ് നടത്തുന്നതെങ്കിലും ക്രമേണ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലേക്ക് കണ്ണൂരുനിന്നും സർവ്വീസ് ആരംഭിക്കുമെന്നും, ഈ സർവ്വീസുകളുടെ ടിക്കറ്റ് ചാർജ് 1999 രൂപ മുതലായിരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
ജനുവരി 2019 മുതൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. കണ്ണൂർ വിമാനത്താവളം വടക്കൻ കേരളത്തിൽ ഇൻഡിഗോ എയർലൈൻസിന് വേരുറപ്പിക്കുന്നതിന് സഹായിക്കും. കണ്ണൂരുനിന്നും ദിവസേന ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി എന്നിവിടങ്ങളിലേക്ക് സർവ്വീസ് ആരംഭിക്കുക വഴി കേരളത്തിലെ കാസർഗോഡ്, വയനാട് എന്നിവിടങ്ങളിലേയും, കർണാടകയിലെ കുടകിലേയും വിനോദ സഞ്ചാര മേഖലയ്ക്കും ഉണർവേകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ്, വിനോദ സഞ്ചാരം എന്നീ ആവശ്യങ്ങൾക്കായി വിമാനയാത്ര നടത്തുന്ന ഉപഭോക്കതാക്കൾക്കായി കുറഞ്ഞ ചെലവിൽ മികച്ച വിമാനയാത്ര ഒരുക്കുമെന്നും ഇൻഡിഗോ എയർലൈൻസിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫിസർ വില്ല്യം ബൗട്‌ലർ പറഞ്ഞു.
ജനുവരി 2019 മുതൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി എന്നിവടങ്ങളിലേക്കും തിരിച്ചും ദിവസേന ഇൻഡിഗോ വിമാന സർവ്വീസ് ഉണ്ടായിരിക്കും. ഇത് കൂടാതെ 2019 ജനുവരി 10 മുതൽ ഗോഎയർ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മുബൈയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കും.