കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈദ്യുതി മന്ത്രി എം.എം.മണി നിര്‍വഹിക്കും. ബാണാസുര സാഗര്‍ ഡാം പരിസരത്ത് വൈകീട്ട് 3ന് ചേരുന്ന ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രതിവര്‍ഷം 7,200 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ മണ്ണണയെന്ന ഖ്യാതി നേടിയ പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാം വാണിജ്യാടിസ്ഥാനത്തിലുള്ള ഒഴുകുന്ന സൗരോര്‍ജ വൈദ്യുതി ഉല്‍പാദന കേന്ദ്രമായും അറിയപ്പെടും.

വെള്ളത്തിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 6000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് 18 ഫ്‌ളോട്ടിങ് പ്ലാറ്റ്‌ഫോമുകളിലായി 1,938 സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചു വൈദ്യുതി ഉല്‍പാദനം ലക്ഷ്യമിടുന്നത്. ജലനിരപ്പിന്റെ വ്യതിയാനത്തിനൊത്തു നിലയത്തെ യഥാസ്ഥാനത്തു നിലനിര്‍ത്തുന്നതിനായി അതിവിശേഷ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ആങ്കറിങ് മെക്കാനിസവും ഈ നിലയത്തിന്റെ പ്രത്യേകതയാണ്. വെള്ളത്തില്‍ എപ്പോഴും പൊങ്ങിനില്‍ക്കുന്ന ഒന്നേകാല്‍ ഏക്കറോളം വിസ്തൃതിയുള്ള സോളാര്‍ പാടത്തില്‍ തന്നെ റിമോട്ട് കണ്‍ട്രോള്‍ ചെയ്യാവുന്ന സബ് സ്‌റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.

17 സ്ട്രിങ് ഇന്‍വര്‍ട്ടറുകള്‍ ഉപയോഗിച്ച് ഡിസിയില്‍ നിന്ന് എസി ആക്കിയ ശേഷം വൈദ്യുതി 11 കെവിയിലേക്ക് ട്രാന്‍സ്‌ഫോം ചെയ്ത ശേഷമാണ് അണ്ടര്‍ വാട്ടര്‍ കേബിള്‍ വഴി കരയിലെത്തിക്കുന്നത്. പിന്നീട് ഇതു ലൈനിലൂടെ കെഎസ്ഇബി പവര്‍ ഗ്രിഡിലേക്ക് എത്തിക്കുകയാണു ചെയ്യുന്നത്. പദ്ധതിയുടെ നിര്‍മാണെച്ചലവ് 925 ലക്ഷം രൂപയാണ്. തിരുവനന്തപുരം ആസ്ഥാനമായ ആഡ്‌ടെക് സിസ്റ്റം എന്ന സ്വകാര്യ ഏജന്‍സിയാണ് രണ്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ