തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ടാൻസ്‌പേഴ്സൺസ് സഹകരണ സംഘം രൂപീകരിച്ച് കേരളത്തിന്റെ മാതൃകാ പദ്ധതി. സംസ്ഥാനത്തെ ട്രാൻസ്‌പേഴ്സൺസിനെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍ മുന്‍കൈയെടുത്താണ് പുതിയ സഹകരണ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്.

സഹകരണ കോണ്‍ഗ്രസിലും സഹകരണ നയത്തിലും പ്രഖ്യാപിച്ച ട്രാൻസ്‌പേഴ്സൺസ് സഹകരണ സംഘം യാഥാര്‍ത്ഥ്യമാകുന്നത്. സഹകരണ സംഘം വഴി നിക്ഷേപത്തിനും, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും വഴിയൊരുങ്ങും. ഹോട്ടലുകള്‍, ക്യാന്റീനുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ഡിടിപി സെന്ററുകള്‍ തുടങ്ങി നിരവധി സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹകരണ സംഘം വഴി ട്രാൻസ്‌പേഴ്സൺസിന് അവസരമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ട്രാന്‍സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാണ് സഹകരണ സംഘം പ്രവര്‍ത്തിക്കുക. സംഘം രൂപീകരണ യോഗം തിരുവനന്തപുരം കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിലാണ് ചേര്‍ന്നത്. ട്രാൻസ്‌പേഴ്സൺസ് ആണെന്ന പേരില്‍ സമൂഹം ഒറ്റപ്പെടുത്തുന്ന ട്രാൻസ് വ്യക്തികൾക്ക് ഷെല്‍ട്ടര്‍ ഹോമും സൊസൈറ്റി ഒരുക്കും. മദ്യത്തിനും ലഹരിമരുന്നിനും എതിരെ പ്രചാരണം നടത്തുന്നതടക്കമുള്ള ബോധവല്‍ക്കരണ പരിപാടികളും സൊസൈറ്റി ഏറ്റെടുക്കും. ട്രാന്‍സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തന പരിധി സംസ്ഥാനം മുഴുവനുണ്ടാകും. സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനായി ട്രാൻസ്‌പേഴ്‌സണായ ശ്യാമ എസ്.പ്രഭ ചീഫ് പ്രൊമോട്ടര്‍ ആയി ഏഴംഗ പ്രൊമോട്ടിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

രാജ്യത്തിന് തന്നെ മാതൃകയാണ് ട്രാൻസ്‌പേഴ്സൺസിനായി ഇത്തരമൊരു പദ്ധതിയെന്ന് ശ്യാമ എസ്.പ്രഭ പറഞ്ഞു. ട്രാൻസ് വ്യക്തികളിൽ നിക്ഷേപ താല്‍പര്യമുണ്ടാക്കുകയും, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും വഴി അവര്‍ക്ക് സ്വയം പര്യാപ്‌തത കൈവരിക്കാനും സമൂഹത്തിന്റെ ഭാഗമായി നില്‍ക്കാനുമാണ് ട്രാന്‍സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴി ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. രൂപീകരണ യോഗത്തില്‍ സഹകരണ റജിസ്ട്രാര്‍ ഡോ. ഡി.സജിത്ബാബു ഐഎഎസ്, കൗണ്‍സിലര്‍ ഐ.പി.ബിനു എന്നിവരും പങ്കെടുത്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook