കൊച്ചി: ഒരു കട 24 മണിക്കൂറും ആളില്ലാതെ തുറന്നുവയ്ക്കാൻ പറ്റുമോ? ആരെങ്കിലും വന്ന് സാധനങ്ങൾ മോഷ്ടിക്കില്ലേയെന്ന് ചിന്തിച്ചേക്കാം. പക്ഷെ കാലം മാറി. ഇത് അതിവേഗം വളരുന്ന സാങ്കേതിക വിദ്യയുടെ കാലമാണ്. 21ാം നൂറ്റാണ്ട്. കാലത്തിനൊപ്പം മുന്നേറുന്നുണ്ട് മലയാളി. ഏഴ് കടലും ഏഴ് കരയും താണ്ടി കാലത്തിന്റെ വേഗത്തെ ഒപ്പം നിന്നറിയുന്ന സമൂഹമാണ് മലയാളി.

അതിനാലാണ് ആമസോൺ ഗോ ലോകത്തിന് മുന്നിൽ വച്ച നവീന ആശയം കേരളത്തിൽ യാഥാർത്ഥ്യമായത്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ രാജ്യത്തെ ആദ്യത്തെ ആളില്ലാ കട തുറന്നു. ഇവിടെ സെയിൽസ്‌മാനോ സെയിൽസ്‌വുമണോ ഇല്ല. കാഷ്യറും ഇല്ല. 24 മണിക്കൂറും തുറന്നിരിക്കുന്ന ഈ കടയിൽ ആർക്കും എപ്പോൾ വേണമെങ്കിലും കയറാം. സാധനങ്ങൾ ആവശ്യാനുസരണം എടുക്കാം. പണം നൽകാനായി ക്യൂവിൽ നിൽക്കേണ്ട ആവശ്യവും ഇല്ല.  ആമസോൺഗോ ലോകത്തിന് പരിചയപ്പെടുത്തിയ റീട്ടെയ്ൽ രംഗത്തെ ഏറ്റവും പുതിയ ആശയത്തിലുളള ആദ്യത്തെ കട  ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് മലയാളികളായ ഒരു കൂട്ടം ടെക്കികൾ.

കൊച്ചിയിലെ വാട് എ സെയിൽ സ്റ്റോർ

എറണാകുളത്ത് ഗോൾഡ് സൂക്ക് മാളിലാണ് മലയാളികളായ ടെക്കികൾ ലോകത്തെ ഏറ്റവും നൂതന ആശയങ്ങളിലൊന്നായ ഓട്ടോമാറ്റിക് സ്റ്റോർ തുറന്നത്. വാട്എസെയിൽ (WATASALE) എന്നാണ് കടയുടെ പേര്. ഒറാൻസ് ടെക്നോളജി സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പിന്റെ ഭാഗമായ ദിലീപ് ജേക്കബ്, വിൻസി മാത്യൂസ്, എസ് സുഭാഷ്, റിച്ചു ജോസ്, ഷനൂബ് ശിവദാസ് എന്നിവർ ഡയറക്ടർമാരായ നയാസെയിൽ പ്രൈവറ്റ് ലിമിറ്റഡാണ് വാട് എ സെയിലിന്റെ പ്രധാന അണിയറക്കാർ.

ഓട്ടോമാറ്റിക് സ്റ്റോർ… ഷോപ്പിങ് എങ്ങിനെ?

അമേരിക്കയിലാണ് ആമസോൺഗോ ഈ ആശയം ആദ്യം അവതരിപ്പിച്ചത്. ഇതിന്റെ കേരളപതിപ്പ് തന്നെയാണ് നയാസെയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ആദ്യം ഉപഭോക്താവ് വാട് എ സെയിൽ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. അതിൽ ക്രഡിറ്റ് കാർഡിന്റെ വിവരങ്ങൾ രേഖപ്പെടുത്തുകയോ അല്ലെങ്കിൽ ആപ്ലിക്കേഷനിലെ വാലറ്റിൽ പണം നിക്ഷേപിക്കുകയോ ചെയ്യണം.

ഫെഡറൽ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസൻ വാട് എ സെയിൽ സ്റ്റോർ ഉദ്ഘാടനം ചെയ്ത ശേഷം കടയുടെ പ്രവേശന കവാടത്തിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് അകത്തേക്ക് കയറുന്നു

“ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. കടയിലേക്ക് കയറാൻ ആപ്ലിക്കേഷനിൽ ലഭിക്കുന്ന ക്യുആർ കോഡ് പ്രവേശനകവാടത്തിൽ സ്കാൻ ചെയ്യണം. ഒരു സമയം ഒരാൾക്ക് മാത്രമേ ക്യുആർ കോഡ് ഉപയോഗിച്ച് അകത്ത് പ്രവേശിക്കാനാവൂ. രണ്ടോ അതിലധികമോ പേരുണ്ടെങ്കിൽ ആപ്ലിക്കേഷനിലെ ക്യുആർ കോഡ് ഓരോ ആളിനും ഓരോ തവണ എന്ന കണക്കിൽ സ്കാൻ ചെയ്യണം,” വാട് എ സെയിലിന്റെ സിഇഒ ആയ എസ് സുഭാഷ് പറഞ്ഞു.

കടയുടെ അകത്ത് പ്രവേശിച്ചാൽ പിന്നെ ക്യാമറകളുടെയും സ്കാനറുകളുടെയും നിരീക്ഷണത്തിലായിരിക്കും ഉപഭോക്താവ്. “കടയിലെ റാക്കിൽ നിന്ന് ഏത് സാധനം എടുത്താലും അത് യാന്ത്രികമായി തന്നെ ഉപഭോക്താവിന്റെ പേരിൽ രേഖപ്പെടുത്തും. പക്ഷെ തിരികെ വയ്ക്കുകയാണെങ്കിൽ ഇത് കാർട്ടിൽ നിന്ന് മാഞ്ഞ് പോവും. സാധനങ്ങൾ എടുക്കുന്ന ഇടത്ത് തന്നെ തിരികെ വയ്ക്കാൻ ശ്രദ്ധിക്കണം. മാറ്റിവച്ചാൽ ചിലപ്പോൾ അത് ബിൽ ചെയ്യപ്പെടാൻ സാധ്യതയുണ്ട്,” ചീഫ് മാർക്കറ്റിംഗ് ഓഫീസറായ രാജേഷ് മലമേൽ വിശദീകരിച്ചു.

ഷോപ്പിംഗിന് ശേഷം കടയിൽ നിന്ന് തിരികെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഉപഭോക്താവിന്റെ വാലറ്റിൽ നിന്നോ ക്രഡിറ്റ് കാർഡിൽ നിന്നോ പണം പിൻവലിക്കപ്പെടും. പരമാവധി അഞ്ച് മിനിറ്റ് സമയത്തിനുളളിൽ പണം പിൻവലിക്കപ്പെടുമെന്ന് സുഭാഷ് പറഞ്ഞു.

ആശയം വന്ന വഴി

ഒറാൻസ് ടെക്നോളജി സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പിൽ നിന്നാണ് ഈ കൂട്ടുകെട്ടുണ്ടാവുന്നത്. ഡയറക്ടർമാരായ അഞ്ച് പേർക്ക് പുറമെ 15 പേർ കൂടി ഇതിന്റെ ഭാഗമാണ്. ഇപ്പോൾ അമേരിക്കയിലുലള ദിലീപ് ജേക്കബ്, വിൻസി മാത്യൂസ് എന്നിവരുടെ റീട്ടെയ്ൽ രംഗത്തെ പ്രവർത്തന പരിചയം മൂലധനമാക്കിയാണ് ഈ പ്രയത്നം ആരംഭിച്ചത്.

റീട്ടെയ്ൽ മേഖലയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള സാധ്യതകൾക്ക് 2015 മുതൽ തന്നെ പഠനങ്ങൾ നടത്തിയിരുന്നതായി വാട് എ സെയിലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ റിച്ചു ജോസ് പറഞ്ഞു. “2018 ജനുവരിയിലാണ് ആമസോൺ ഗോ ഇത് അവതരിപ്പിക്കുന്നത്. അതോടെയാണ് ഞങ്ങൾക്കും ഈ ആശയം പ്രാവർത്തികമാക്കാമെന്ന് ധൈര്യം വന്നത്. അതോടെ ഈ പ്രയത്നത്തിനായി രംഗത്തിറങ്ങുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

സ്റ്റോറിന്റെ അകവശം

സോഫ്റ്റുവെയറും ഹാർഡ്‌വെയറും സ്വന്തം

വാട് എ സെയിലിന്റെ പ്രവർത്തനത്തിന്റെ ആണിക്കല്ലായ സോഫ്റ്റുവെയറും ഹാർഡ്‌വെയറും ഈ സംഘം സ്വപ്രയത്നത്തിൽ തന്നെ വികസിപ്പിച്ചതാണ്. “ഞങ്ങളെല്ലാവരും ടെക്നോളജി രംഗത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. അതിനാൽ തന്നെ സോഫ്റ്റുവെയർ വികസിപ്പിക്കുക ഞങ്ങൾക്ക് അത്ര ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ല. ചുരുങ്ങിയ കാലയളവിൽ തന്നെ ഞങ്ങൾ ഈ പരിശ്രമത്തിൽ വിജയം കണ്ടു. പിന്നീട് ഹാർഡ്‌വെയർ വികസിപ്പിച്ചു. ഇപ്പോഴാണ് വാട് എ സെയിൽ യാഥാർത്ഥ്യമായത്,” റിച്ചു പറഞ്ഞു.

സോഫ്റ്റുവെയറിന്റെ പ്രവർത്തനം നൂറിലേറെ തവണ പരീക്ഷിച്ചതായി സുഭാഷ് പറഞ്ഞു. “കട തുറക്കുമ്പോൾ ആദ്യത്തെ വെല്ലുവിളി സോഫ്റ്റുവെയറിന്റെ കൃത്യതയായിരുന്നു. ഇത് ഉറപ്പാക്കാൻ നൂറിലേറെ തവണ ഞങ്ങൾ ഇത് പരീക്ഷിച്ചു. നൂറ് ശതമാനവും വിജയമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്വന്തമായി തന്നെ കട തുറക്കാൻ പദ്ധതിയിട്ടത്,” സുഭാഷ് വിശദീകരിച്ചു.

ആഗോള വിപണിയാണ് ലക്ഷ്യം

ടെക്നോളജി അതിവേഗം വികസിക്കുകയാണ്. ടെക്നോളജി അടിസ്ഥാനമാക്കിക്കൊണ്ടും മനുഷ്യപ്രയത്നം പരമാവധി കുറച്ചുകൊണ്ടുമുളള വിപണി സാധ്യതകൾക്കാണ് ഇന്ന് സാധ്യത. അത് തന്നെയാണ് നയാസെയിലിന്റെയും ലക്ഷ്യം.

“ഇത് മിനി സ്റ്റോറുകളായും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഒരു ആശയമാണ്. അപാർട്മെന്റുകളിലും ഓഫീസ് കെട്ടിടങ്ങളിലും എവിടെയും 24 മണിക്കൂറും ഇവ പ്രവർത്തിപ്പിക്കാൻ സാധിക്കും. അതിനാൽ തന്നെ മിനി സ്റ്റോറുകളിലേക്ക് ആണ് ശ്രദ്ധ ഊന്നാൻ ആഗ്രഹിക്കുന്നത്,” സുഭാഷ് പറഞ്ഞു.

ഒരു വർഷത്തിനുളളിൽ വാട് എ സെയിൽ വികസിപ്പിക്കും. ആദ്യം ബെംഗലുരുവിലും പിന്നീട് ഡൽഹിയിലും ഓരോ റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ തുറക്കും. ഇതോടൊപ്പം രാജ്യത്താകമാനം 500 മിനി സ്റ്റോറുകളും തുറക്കും. ഇവ ഫ്രാഞ്ചൈസികളായും നൽകും. അടുത്ത ഒരു വർഷത്തേക്കുളള പദ്ധതികൾ വിശദീകരിച്ച് റിച്ചു പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ