കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനിക്കപ്പലായ ഐഎസി-1 എന്ന ഐഎൻഎസ് വിക്രാന്ത് മൂന്നാം ഘട്ട സമുദ്ര പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ജനുവരി ഒന്‍പതിന് തുടക്കമിട്ട മൂന്നാം ഘട്ട സമുദ്ര പരീക്ഷണങ്ങള്‍ക്ക് ശേഷം ഐഎന്‍എസ് വിക്രാന്ത് ഇന്ന് രാവിലെ കൊച്ചിയില്‍ തിരിച്ചെത്തിയതായി അധികൃതര്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.

ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും വലുതും സങ്കീർണ്ണവുമായ യുദ്ധക്കപ്പലായ 40,000 ടൺ ഭാരമുള്ള വിമാനവാഹിനിക്കപ്പൽ കഴിഞ്ഞ ഓഗസ്റ്റിൽ അഞ്ച് ദിവസത്തെ കന്നി കടൽ യാത്ര വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒക്ടോബറിൽ 10 ദിവസത്തെ കടൽ പരീക്ഷണങ്ങൾക്കും വിധേയമായി.
“വിവിധ സാഹചര്യങ്ങളിൽ കപ്പൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് മനസ്സിലാക്കുന്നതിനായി ഇപ്പോൾ സങ്കീർണ്ണമായ കരുനീക്കങ്ങൾ നടത്തുകയാണ്,” നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

യുദ്ധക്കപ്പലിന്റെ കീൽ 2009 ഫെബ്രുവരിയിലാണ് സ്ഥാപിച്ചത്. 2011 ഡിസംബറിൽ ഇത് നിർമ്മിച്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സിഎസ്‌എൽ) നിന്ന് അത് കയറ്റിവിട്ടത്. ബേസിൻ ട്രയലുകൾ 2020 നവംബറിൽ പൂർത്തിയായി. 2022 ഓഗസ്റ്റിൽ നാവികസേനയിൽ കമ്മീഷൻ ചെയ്യും.
ഏകദേശം 23,000 കോടി രൂപ ചെലവിലാണ് ഈ യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്. ഇത് അത്യാധുനിക വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാൻ കഴിവുള്ള ഒരു തിരഞ്ഞെടുത്ത രാജ്യങ്ങളിളുടെ പട്ടികയിലേക്ക് ഇന്ത്യയെ നയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും അടുത്തിടെ കൊച്ചിയിൽ കപ്പൽ സന്ദർശിച്ചിരുന്നു.
Also Read: ഇന്ത്യയുടെ പടക്കുതിരയാവാൻ വിക്രാന്ത്; അറിയാം സവിശേഷതകൾ