തിരുവനന്തപുരം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരും. ഇതിന്റെ ഭാഗമായി ലോക്സഭാ എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ബുധനാഴ്ച ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിധത്തിലാവും കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവക്കുക. നിലവിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് കുഞ്ഞാലിക്കുട്ടി.
സംസ്ഥാന രാഷ്ട്രീയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്ന് യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഇത് പാർട്ടിയുടെ തീരുമാനമാണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.