തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി മാറ്റമില്ലാതെ തുടരും. ലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലി കുട്ടി എം.പിയെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെയും ട്രഷററായി പി.വി അബ്ദുല്‍ വഹാബ് എം.പിയെയും വീണ്ടും തെരഞ്ഞെടുത്തു.
അഡ്വ.ഇഖ്ബാല്‍ അഹമ്മദിനെയും തസ്തഗീര്‍ ആഗയെയും വൈസ് പ്രസിഡന്റുമാരായും എം.പി അബ്ദുസമദ് സമദാനി, സിറാജ് ഇബ്രാഹീം സേട്ട്, ഷഹന്‍ഷ ജഹാംഗീര്‍, നഈം അക്തര്‍, ഖുറം അനീസ് ഉമര്‍ എന്നിവരെ സെക്രട്ടറിമാരായും എച്ച് അബ്ദുല്‍ ബാസിത് (മുന്‍ എം.എല്‍.എ), ഖൗസര്‍ ഹയാത്ത് ഖാന്‍ എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
തിരുവനന്തപുരം തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമാറയിലെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഖാഇദെമില്ലത്ത് നഗറില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അവതരിപ്പിച്ച ഭാരവാഹികളെ കൗണ്‍സില്‍ ഐക്യഖണ്‌ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു. ഇ അഹമ്മദ് സാഹിബിന്റെ വിയോഗത്തിന് ശേഷമാണ് ജനറല്‍ സെക്രട്ടറിയായിരുന്ന ഖാദര്‍ മൊയ്തീനെ കഴിഞ്ഞ വര്‍ഷം ദേശീയ അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
മുസ്‌ലിംലീഗ് ദേശീയ ട്രഷററായിരിക്കെയാണ് കഴിഞ്ഞ വര്‍ഷം പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി തെരഞ്ഞെടുത്തു. കേരള സംസ്ഥാന പ്രസിഡന്റായ ഹൈദരലി തങ്ങളെ ദേശീയ പി.എ.സി ചെയര്‍മാനായി കൗണ്‍സിലില്‍ ഭരണഘടനാ ഭേദഗതി വരുത്തിയാണ് വീണ്ടും തെരഞ്ഞെടുത്തത്.