തിരുവനന്തപുരം: മൂന്നാം ട്വന്റി ട്വന്റി മൽസരങ്ങൾക്കായി ഇന്ത്യ-ന്യൂസിലൻഡ് ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. രാത്രി 11.30 ന് പ്രത്യേക വിമാനത്തിൽ താരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങും. കെസിഎയുടെ നേതൃത്വത്തിലെ സ്വീകരണത്തിനുശേഷം ഇരുടീമുകളും കോവളത്തെ ഹോട്ടലിലേക്ക് പോകും. നാളെ ഇരുടീമുകൾക്കും കാര്യവട്ടം സ്റ്റേഡിയത്തിൽ പരിശീലനം ഉണ്ടെങ്കിലും പ്രമുഖ ഇന്ത്യൻ താരങ്ങൾ വിട്ടുനിൽക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രി 7 നാണ് മൽസരം. 29 വർഷങ്ങൾക്കുശേഷമാണ് തിരുവനന്തപുരത്ത് രാജ്യാന്തര ക്രിക്കറ്റ് മൽസരം നടക്കുന്നത്.

കോവളം റാവിസ് ലീല ഹോട്ടലിലാണ് ഇരു ടീമുകൾക്കും താമസ സൗകര്യം ഒരുക്കിയിട്ടുളളത്. ഒരു ഹോട്ടലിലാണ് താമസമെങ്കിലും ഇരുടീമിലെ അംഗങ്ങളും പരസ്പരം കാണാത്ത വിധമാണ് താമസ സൗകര്യം ഒരുക്കിയിട്ടുളളത്. ഇന്ത്യൻ താരങ്ങൾക്ക് കേരള സ്പെഷൽ വിഭവങ്ങളാണ് ഒരുക്കുന്നത്. അഷ്ടമുടിക്കായലിലെ മീനുകളും വിഴിഞ്ഞത്ത് നിന്നുളള നെയ്മീനുകളും കോഹ്‌ലിപ്പടയ്ക്കുവേണ്ടിയുളള ഹോട്ടലിലെ വിഭവങ്ങളിലുണ്ട്. ഇവയ്ക്കുപുറമേ നാടൻ ചിക്കൻ കറി, ബീഫ് എന്നിവയും മെനുവിലുണ്ട്. അതേസമയം, ന്യൂസിലൻഡ് താരങ്ങൾക്ക് മധുരമേറുന്ന വിഭവങ്ങളാണ് ഒരുക്കുന്നത്.

(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

വിരാട് കോഹ്‌ലിയുടെ പിറന്നാൾ ആഘോഷങ്ങളും ഹോട്ടലിൽ നടക്കും. കോഹ്‌ലിയുടെ 29-ാം പിറന്നാൾ ഗംഭീരമായി തന്നെ ആഘോഷിക്കും. കോഹ്‌ലിക്കായി സ്പെൽ കേക്ക് റെഡിയായിക്കഴിഞ്ഞു. ഫിറ്റ്നസിൽ ഏറെ ശ്രദ്ധയുളള കോഹ്‌ലിക്കായി കോവളത്തെ ഹോട്ടലിലെ ജിമ്മും ഒരുങ്ങിക്കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.