കൊച്ചി: വിഷചികിത്സയില്‍ പുതിയ ആന്റിവെനങ്ങള്‍ക്കു വഴിതുറന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്റെ ജനിതകഘടനാ ചിത്രം പൂര്‍ത്തിയായി. അഗ്രി ജീനോം ലാബ്സ് ഇന്ത്യ, സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷന്‍ (എസ്ജിആര്‍എഫ്) ശാസ്ത്രജ്ഞരാണു സുപ്രധാന നേട്ടം കൈവരിച്ചത്. മെഡിക്കല്‍ ജിനോമിക്സിലെ ലോകത്തെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണിത്.

പാമ്പുകടിക്ക് മരുന്നായി ജനിതക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സിന്തറ്റിക് ആന്റി ബോഡികള്‍ വികസിപ്പിക്കാനുള്ള വഴിയാണു ജനിതകഘടനാ ചിത്രം പൂര്‍ത്തിയാക്കിയതിലൂടെ തുറന്നുകിട്ടിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നേച്ചര്‍ ജനിറ്റിക്സിന്റെ ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിഷഗ്രന്ഥികളില്‍ പ്രതിഫലിക്കുന്ന 19 വിഷാംശ ജീനുകളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞ് വേര്‍തിരിച്ചു. ഇതുവഴി പാമ്പിന്റെ വിഷവസ്തുക്കളും അവയെ എന്‍കോഡ് ചെയ്യുന്ന ജീനുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടു.

സിന്തറ്റിക് ഹ്യൂമന്‍ ആന്റി ബോഡികള്‍ ഉപയോഗിച്ച് 19 നിര്‍ദിഷ്ട വിഷവസ്തുക്കളെ ടാര്‍ഗറ്റ് ചെയ്യുന്നത് വഴി സുരക്ഷിതവും ഫലപ്രദവുമായ ആന്റിവെനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നു ജനിതക പഠനത്തിനു നേതൃത്വം നല്‍കിയ എസ്ജിആര്‍എഫ് പ്രസിഡന്റ് ഡോ. ശേഖര്‍ ശേഷഗിരി പറഞ്ഞു.

ഏറ്റവും ഫലപ്രദമായ ആന്റിവെനമായി പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍ മനുഷ്യ ആന്റിബോഡികളുടെ വിശാലമായ ലൈബ്രറികളില്‍നിന്ന് 2018 – ല്‍ നൊബേല്‍ സമ്മാനം ലഭിച്ച ഫേജ് ഡിസ്പ്ലേ സാങ്കേതിക വിദ്യ വഴി സ്‌ക്രീന്‍ ചെയ്യാന്‍ സാധിക്കും.

പാമ്പുവിഷം ഉപയോഗിച്ച് കുതിരകളില്‍ ആന്റിബോഡി വികസിപ്പിച്ച്, അത് ശുദ്ധീകരിച്ചാണ് നിലവില്‍ ആന്റിവെനം നിര്‍മിക്കുന്നത്. ഇത് 1895 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് കാല്‍മെറ്റ് വികസിപ്പിച്ചെടുത്ത രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ശാസ്ത്രലോകം ഈ രീതിയില്‍നിന്ന് അധികം മുന്നോട്ട് പോയിട്ടില്ല. ഈ മരുന്നുകള്‍ക്കു ഫലപ്രാപ്തി കുറവും പാര്‍ശ്വഫലങ്ങള്‍ കൂടുതലുമാണ്.

ആന്റിവെനം വികസിപ്പിച്ചെടുക്കുന്ന രീതിയെ പൂര്‍ണമായും മാറ്റുന്നതാണു പുതിയ ശാസ്ത്ര നേട്ടമെന്ന് അഗ്രിജീനോം ലാബ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ജോര്‍ജ് തോമസ് പറഞ്ഞു.ഇന്ത്യന്‍ കോബ്ര പഠനത്തില്‍ ഉപയോഗിച്ച ജീന്‍ വ്യാഖ്യാനം കൊച്ചിയിലെ അഗ്രിജീനോം ടീമാണ് ചെയ്തത്.

ഇന്ത്യന്‍ കോബ്രയിലെ പ്രസക്തമായ വിഷവസ്തുക്കളുടെ മുഴുവന്‍ ലിസ്റ്റ് ലഭിച്ചിരിക്കുകയാണെന്നു നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍ (എന്‍യുഎസ്) പ്രൊഫസറും പാമ്പു ൃവിഷ വിദഗ്ധനുമായ ഡോ. ആര്‍. മഞ്ജുനാഥകിനി പറഞ്ഞു.
ഇന്ത്യയിലെ നാല് വമ്പന്‍ വിഷ പാമ്പുകളുടെയും മാരകമായ ആഫ്രിക്കന്‍ പാമ്പുകളായ ബ്ലാക്ക് മാമ്പ, കാര്‍പെറ്റ് വൈപ്പര്‍, സ്പിറ്റിങ് കോബ്ര എന്നിവയുടെ ജീനോമുകളും വിഷം ഗ്രന്ഥി ജീനുകളും ലഭ്യമാക്കുന്ന പരീക്ഷണങ്ങളാണ് അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.