ആംസ്റ്റർഡാം: ഗോള്‍ഡണ്‍ ഗ്ലോബ് മത്സരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ അപകടത്തിൽ പായ്‌വഞ്ചി തകർന്ന് പരിക്കേറ്റ ഇന്ത്യൻ കമ്മാന്റർ അഭിലാഷ് ടോമിയെ ഐഎൻഎസ് സത്പുരയിലേക്ക് മാറ്റി. ആംസ്റ്റർഡാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഭിലാഷ് ടോമി ഇതുവരെ. ഇദ്ദേഹത്തെ ഹെലികോപ്റ്റർ മാർഗ്ഗമാണ് സത്പുരയിലേക്ക് എത്തിച്ചത്.

പത്ത് ദിവസത്തിനുള്ളില്‍ അഭിലാഷ് ടോമിയുമായി ഐഎന്‍എസ് സത്പുര ഇന്ത്യയില്‍ എത്തും. അഭിലാഷ് ടോമിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അഭിലാഷ് ടോമിയുടെ തകർന്ന പായ്‌വഞ്ചിയിൽ നിന്നും സാധനങ്ങൾ എടുക്കേണ്ടതിനാൽ സത്പുര ഇങ്ങോട്ടേക്ക് ആദ്യം പോകും. കാലാവസ്ഥ അനുകൂലമാണെങ്കിൽ വേഗത്തിൽ കൊച്ചിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഭിലാഷ് ടോമിക്ക് ഇന്ത്യയിൽ വിദഗ്ദ്ധ ചികിത്സ നൽകാനാണ് തീരുമാനം. എന്നാൽ ഏത് ആശുപത്രിയിൽ വച്ചാകും ചികിത്സയെന്ന കാര്യത്തിൽ വ്യക്തതയില്ല. പരിക്കേറ്റ മറ്റൊരു മത്സരാർത്ഥി ഗ്രിഗർ മക്‌നൂഗനെ ഓസീസ് യുദ്ധക്കപ്പലായ ബല്ലാരതിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook