തിരുവനന്തപുരം: മൗറിഷ്യസിലെ കടലിൽ കാണാതായ മലയാളി നാവികനെ കണ്ടെത്താൻ കുടുംബം കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടി. ഹോങ് കോങ് ആസ്ഥാനമായ കമ്പനിയുടെ എംവി ഷഹരസ്തനി എന്ന എൽപിജി കപ്പലിൽ നിന്നാണ് 24കാരനായ അശ്വിൻ കുമാർ ഹരിയെ കാണാതായത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാർച്ച് ആറിനാണ് ഇലക്ട്രിക്കൽ ഓഫീസർ ട്രയിനി തസ്തികയിൽ അശ്വിൻ കുമാർ ഹരി കപ്പലിൽ ജോലിക്ക് കയറിയത്. കടലിൽ കാണാതായ ഇയാൾക്ക് വേണ്ടിയുളള തിരച്ചിൽ അവസാനിപ്പിക്കുകയാണ് എന്ന് ആംഗ്ലോ ഈസ്റ്റേൺ ഷിപ്പ് മാനേജ്മെന്റ് കമ്പനി അറിയിച്ചതോടെയാണ് കൊച്ചിയിലുളള ഇദ്ദേഹത്തിന്റെ കുടുംബം കേന്ദ്രത്തിന്റെ സഹായം തേടിയിരിക്കുന്നത്.
മാർച്ച് 29 ന് രാത്രി 8 മണിക്ക് കപ്പലിന്റെ എഞ്ചിൻ മുറിയിലേക്ക് ഇയാൾ പോകുന്നതാണ് അവസാനമായി കണ്ടതെന്നാണ് എംവി ഷഹരസ്തനിയിലെ ക്രൂ അശ്വിന്റെ കുടുംബത്തെ അറിയിച്ചത്. അടിയന്തിര ഘട്ടങ്ങളിലൊഴികെ രാത്രി കാലത്ത് ഈ കപ്പലിന്റെ എഞ്ചിൻ മുറിയിൽ പ്രവർത്തനം നടക്കാറില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി, അശ്വിനെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും സമയവും തീയ്യതിയും സംശയത്തിന്റെ ആക്കം കൂട്ടുന്നതായും അശ്വിന്റെ പിതാവ് ഐകെഎസ് ഹരികുമാർ സുഷമ സ്വരാജിന് നൽകിയ കത്തിൽ പറയുന്നു.
അശ്വിനെ കാണാതായി എന്ന് പറയപ്പെടുന്നതിന് ഒരു ദിവസം മുൻപാണ് കുടുംബവുമായി ഇദ്ദേഹം അവസാനമായി സംസാരിച്ചത്. തിരച്ചിൽ നടത്തണമെന്നും എവി ഷഹരസ്തനിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഐകെഎസ് ഹരികുമാർ കത്ത് നൽകിയിരിക്കുന്നത്.
അശ്വിനടക്കം 22 ഇന്ത്യാക്കാരുമായി ഇതേ കപ്പൽ ഈ വർഷം ഫെബ്രുവരിയിൽ കാണാതായിരുന്നു. പിന്നീട് ഒരാഴ്ചക്ക് ശേഷം കടൽകൊളളക്കാർ കപ്പൽ വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് അശ്വിനെ വീണ്ടും കാണാതാകുന്നത്.