ന്യൂഡൽഹി: രാജ്യത്തെ 20 പ്രധാന റയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിക്ക് മലേഷ്യൻ സഹായം. ഇതിൽ കേരളത്തിൽ നിന്ന് കൊച്ചി നഗരവും ഉൾപ്പെട്ടിട്ടുണ്ട്.  നഗരത്തിൽ ഏറ്റവും തിരക്കേറിയ എറണാകുളം ജംഗ്ഷൻ(സൗത്ത്) റയിൽവേ സ്റ്റേഷനാകും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുകയെന്നാണ് നിഗമനം.

23 സ്റ്റേഷനുകൾ നവീകരിക്കാനുള്ള പദ്ധതിയിലാണ് മലേഷ്യൻ സർക്കാർ താത്പര്യം പ്രകടിപ്പിച്ചതെങ്കിലും പതിനായിരം കോടി രൂപയ്ക്ക് 20 സ്റ്റേഷനുകൾ വികസിപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ സ്റ്റേഷനുകളോടും ചേർന്നുള്ള വ്യാവസായിക കെട്ടിടങ്ങളുടെ വരുമാനം 45 വർഷത്തേക്ക് നിർമ്മാണ ചുമതല വഹിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കാണ് നൽകുക.

റയിൽവേ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണിത്. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ച് റയിൽവേയുടെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യം.  200 സ്റ്റേഷനുകൾ പൊതു സ്വകാര്യ പങ്കാളിത്തതോടെ പരിഷ്കരിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.

റയിൽവേ സ്റ്റേഷനുകളോട് ചേർന്ന് മൾട്ടിപ്ലക്സ് തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ, താമസിക്കാനുള്ള ഹോട്ടലുകൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ