കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ ആഢംബര ട്രെയിനായ മഹാരാജ എക്സ്പ്രസ് കേരളത്തിലെത്തുന്നു. സെപ്റ്റംബറോടെ ട്രെയിൻ കേരളത്തിൽ സർവീസ് നടത്തുമെന്നാണ് സൂചന. കേരളത്തിൽ രണ്ടു യാത്രകൾക്കാണ് പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുണ്ട്. ഡൽഹി, ആഗ്ര, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ട്രെയിൻ ഇപ്പോൾ സർവീസ് നടത്തുന്നത്.
മുംബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂരു, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് ഒരു യാത്ര. തിരുവനന്തപുരത്തു നിന്ന് തിരിച്ച് മഹാബലിപുരം, മൈസൂരു, ഹംപി വഴി മുംബൈയില്‍ എത്തുന്ന വിധമാണ് രണ്ടാം യാത്ര ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം സൗത്തിലും തിരുവനന്തപുരത്തും ഒരു ദിവസം ട്രെയിൻ നിർത്തിയിടും. കേരളത്തിലുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അവസരം ഉണ്ടാകും. എന്നാൽ ഈ ആഡംബര ട്രെയിൻ കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകില്ല. സുരക്ഷാ പ്രശ്നങ്ങൾ ഉളളതിനാലാണിത്.
മുംബൈയിൽനിന്നുളള വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. മുംബൈയിൽനിന്നുളള വിനോദസഞ്ചാരികളെ കേരളത്തിലെത്തിച്ചശേഷം അവരെ തിരിച്ച് മുംബൈയിലേക്കെത്തിക്കും. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല.
ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് മഹാരാജ എക്സ്പ്രസിലുളളത്. വിവിധ പാക്കേജുകളായിട്ടാണ് മഹാരാജാസ് എക്സ്പ്രസ് യാത്ര നടത്തുന്നത്. അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്ററന്റുകള്‍ എന്നിവയാണ് ഈ ആഢംബര ട്രെയിനിലുള്ളത്. 2010 ജനുവരിയിലാണ് ഇന്ത്യന്‍ റെയിൽവെ മഹാരാജാസ് എക്സ്പ്രസിനെ അവതരിപ്പിക്കുന്നത്. കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കായിരുന്നു മഹാരാജാസ് എക്സ്പ്രസിന്റെ ആദ്യ യാത്ര.