ക്രിക്കറ്റ്, കേക്ക്, സര്‍ക്കസ്. ഈ മൂന്ന് ‘സി’കള്‍ ചേരുമ്പോഴാണു തലശേരിയുടെ ചിത്രം പൂര്‍ണമാവുന്നത്. കേരളത്തിലെ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാന്‍ കഴിയാത്ത തലശേരിയുടെ ക്രിക്കറ്റ് പാരമ്പര്യം പുതിയ കാലത്തും പ്രതാപത്തോടെ തുടരുകയാണ് . രണ്ടു വര്‍ഷം മുന്‍പാണ് തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിച്ചത്.
തലശേരിയുടെ ക്രിക്കറ്റ് പെരുമ കടല്‍കടന്നും തിളങ്ങിയിട്ടുണ്ട്. ഇവരിലെ അവസാനത്തെ കണ്ണികളാണ് സ്വിറ്റ്സര്‍ലാന്‍ഡ് ട്വന്റി20 ടീമില്‍ ഇടംപിടിച്ച അര്‍ജുന്‍ വിനോദും അശ്വിന്‍ വിനോദും. സഹോദരങ്ങളായ ഇവര്‍ ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കാനൊരുങ്ങുകയാണ്. ജൂലൈയില്‍ ഫിന്‍ലാന്‍ഡിലാണ് സ്വിറ്റ്സര്‍ലാന്‍ഡ് ടീം ഉള്‍പ്പെട്ട യൂറോപ്പ് ഉപമേഖലയിലെ ബി യോഗ്യതാ വിഭാഗത്തില്‍ ഗ്രൂപ്പ് രണ്ട് മത്സരങ്ങള്‍ നടക്കുക. അഞ്ച് ടീമുകളുള്ള ടൂര്‍ണമെന്റില്‍ ഫ്രാന്‍സ്, എസ്തോണിയ, നോര്‍വെ, ചെക്ക് റിപ്പബ്ലിക്ക് എന്നിവയാണ് എതിരാളികള്‍.
ഇരുപത്തിയേഴുകാരനായ അര്‍ജുന്‍ വിനോദ് സ്വിസ് ടീമിന്റെ ഉപനായകനാണ്. സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടറാണ് അര്‍ജുന്‍. ഇരുപത്തിയഞ്ചുകാരനായ അശ്വിന്‍ റൈറ്റ് ആം മീഡിയം ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറും.
ജനീവയില്‍ താമസിക്കുന്ന ഈ സഹോദരങ്ങള്‍ ജനീവ റീജിയന്‍ ക്രിക്കറ്റ് ക്ലബിലൂടെയാണു മൈതാനത്തെത്തിയത്. അര്‍ജുന്‍ പതിമൂന്നാം വയസിലും അശ്വിന്‍ പതിനൊന്നാം വയസിലുമാണ് ഈ ക്ലബിലൂടെ ക്രിക്കറ്റ് പരിശീലനം ആരംഭിക്കുന്നത്. ക്രിക്കറ്റിനു സ്വിറ്റ്സര്‍ലന്‍ഡില്‍ വേണ്ടത്ര വേരോട്ടമുള്ള കാലമായിരുന്നില്ല അത്. സ്റ്റേഡിയങ്ങളും ക്ലബ്ബുകളും നന്നേ കുറവുള്ള ആ കാലത്ത് ഇരുവരുടെയും കഴിവുകളെ തേച്ചുമിനുക്കിയത് തലശേരിയിലെ പഴയ കളിക്കാനാരായിരുന്ന പിതാവ് വിനോദാണ്.

കൊസേനെ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റനായിരുന്ന അര്‍ജുന്‍ 2021ലും ഈ വര്‍ഷവുമായി ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അണ്ടര്‍ 15, 17, 19 സ്വിസ് ദേശീയ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. ജൂനിയര്‍ ലെവലില്‍ 2011, 2013, 2014 വര്‍ഷങ്ങളില്‍ രാജ്യത്തെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
ബിരുദപഠനകാലത്ത് അർജുൻ 2015 മുതല്‍ 2017 വരെ യുകെയിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റി ടീമിന്റെ ക്യാപ്റ്റനായിരുന്നു. യുകെയിലെ തന്നെ ലഫ്ബറോ യൂണിവേഴ്സിറ്റിയില്‍നിന്ന് അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ഈ യുവാവ് ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഏജന്‍സിയായ ‘ദ ന്യൂ ഹ്യുമാനിറ്റേറിയനി’ല്‍ ഫിനാന്‍സ് വകുപ്പില്‍ ജോലി ചെയ്യുകയാണ്.
സ്വിസ് ദേശീയ ടീം ഓപ്പണിങ് ബൗളറായ അശ്വിന്‍ വിനോദ് കൊസേനെ ക്രിക്കറ്റ് ക്ലബ് താരം കൂടിയാണ്. അണ്ടര്‍ 13, 15, 17, 19 വിഭാഗങ്ങളിൽ ദേശീയ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. ജൂനിയര്‍ ലെവലില്‍ 2012, 2014, 2015, 2016 വര്‍ഷങ്ങളില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. യു കെയിലെ ലഫ്ബറോ യൂണിവേഴ്സിറ്റി ടീമിലെ കളിക്കാരനായിരുന്ന അശ്വിന്‍ രണ്ടായിരത്തി ഇരുപതിലെ സ്വിസ് ട്വന്റി20 ലീഗില്‍ മികച്ച ബൗളര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. മാള്‍ട്ടയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 കപ്പിലും മികച്ച ബൗളറായി.
ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സില്‍ ലഫ്ബറോ യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടിയ അശ്വിന്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ നിര്‍ബന്ധിത സൈനിക സേവനപരിപാടിയുടെ ഭാഗമായി ജനീവ സ്റ്റേറ്റ് ഗവണ്‍മെന്റ് ഓഫിസില്‍ പ്രവര്‍ത്തിക്കുകയാണ്.
ഫിന്‍ലാന്‍ഡില്‍ നടക്കുന്ന ട്വന്റി20 യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലേക്കു സെലക്ഷന്‍ കിട്ടിയപ്പോള്‍ സ്വപ്നം യാഥാര്‍ഥ്യമായ അനുഭവമായിരുന്നുവെന്ന് അശ്വിൻ ഇന്ത്യന്‍ എക്‌പ്രസ് മലയാളത്തോട് പറഞ്ഞു. ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെയധികം സന്തോഷവാനാണെന്ന് അർജുനും പറഞ്ഞു.
” ദേശീയ ടീമില്‍ കളിക്കണമെന്നത് ഞങ്ങളുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. ഇപ്പോഴത്തെ അവസരത്തില്‍ അങ്ങേറ്റയറ്റവും സന്തോഷത്തിലും ആവേശത്തിലാണ് ഞങ്ങള്‍. ക്രിക്കറ്റ് ഞങ്ങളുടെ അത്രയും പ്രധാനപ്പെട്ട ഭാഗമാണ്. അതിനു പ്രധാന കാരണം കുടുംബത്തിന്റെ പിന്തുണയാണ്. ക്രിക്കറ്റില്‍ പുതിയ ഉയരത്തിലെത്താന്‍ എപ്പോഴും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മാതാപിതാക്കള്‍ക്കു നന്ദി. ഫിന്‍ലന്‍ഡില്‍ നടക്കാനിരിക്കുന്ന യോഗ്യതാ മത്സരങ്ങള്‍ സ്വിസ് ടീമിനു വളരെ പ്രധാനമാണ്. ഞങ്ങൾ വളരെയധികം ആത്മവിശ്വാസത്തിലാണ്,” അർജുനും അശ്വിനും പറഞ്ഞു.

അച്ഛന്റെ കൈപിടിച്ച് കളത്തിലേക്ക്
ജനീവയില്‍ ലോകാരോഗ്യ സംഘടനയില്‍ ഫിനാന്‍സ് ഓഫിസറായി ജോലി ചെയ്യുന്ന തലശേരി സ്വദേശികളായ നെട്ടൂർ ഉണ്ണിക്കാടത്ത് വീട്ടിൽ വിനോദിന്റെയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയില്‍ ലീഗല്‍ ഓഫിസറായ രാജശ്രീയുടെ മക്കളാണ് അര്‍ജുനും അശ്വിനും. ടി വിയില്‍ വിനോദ് കളികാണുന്നതുകണ്ടാണ് ഇരുവരും ചെറുപ്പം മുതല്‍ ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമാക്കിയത്. വീട്ടില്‍ ഏതു സമയത്തും ക്രിക്കറ്റാണു പ്രധാന സംസാരവിഷയമെന്നു വിനോദ് പറഞ്ഞു.
ജനുവരിയിലാണ് അര്‍ജുനും അശ്വിനും മാതാപിതാക്കൾക്കൊപ്പം അവസാനമായി തലശേരിയിലെത്തിയത്. നാടുമായി വളരെയധികം ആത്മബന്ധമുള്ള ഇരുവരും ചെറുപ്പം മുതൽ ക്രിക്കറ്റിന്റെ ലോകത്തായിരുന്നുവെന്നു മാതൃസഹോദരൻ രാം രാജ് പറഞ്ഞു.
തലശേരി ലീഗ് ടൂർണമെന്റിൽ നെട്ടൂർ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി കളിച്ചിരുന്ന വിനോദ് 35 വര്‍ഷം മുന്‍പാണ് ജനീവയിലെത്തിയത്. ക്രിക്കറ്റിന് ഒട്ടും പ്രധാന്യമുള്ള രാജ്യമല്ലായിരുന്ന സ്വിറ്റ്സര്‍ലാന്‍ഡില്‍ അന്ന് ഒന്നോ രണ്ടോ ക്രിക്കറ്റ് ക്ലബ്ബുകള്‍ മാത്രമാണുണ്ടായിരുന്നത്. അക്കാലത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൂട്ടി ക്രിക്കറ്റ് കളിച്ചിരുന്നതിന്റെ ഓര്‍മ വിനോദ് പങ്കുവച്ചു. അന്ന് ഐക്യരാഷ്ട്ര സഭയിലുണ്ടായിരുന്ന ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ കളിക്കാനെത്തുമായിരുന്നുവെന്നും വിനോദ് പറഞ്ഞു.
അശ്വിന്റെയും അര്‍ജുന്റെയും കുട്ടിക്കാലത്ത് വിനോദ് തന്നെയായിരുന്നു മുഖ്യപരിശീലകന്‍. ഇന്നങ്ങനെയല്ല സ്വിറ്റ്സര്‍ലാന്‍ഡ് ക്രിക്കറ്റിന്റെ സ്ഥിതി. 25 ക്ലബ്ബുകളും സീനിയർ, ജൂനിയർ തലത്തിലായി 36 ടീമുകളുമുണ്ട്. ഒൻപത് ടീമുകൾ മത്സരിക്കുന്ന ക്രിക്കറ്റ് സ്വിറ്റ്സർലാൻഡ് പ്രീമിയർ ലീഗ് (സി എസ് പി എൽ) കളിക്കാരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. വിദേശ പരിശീലകരുടെ വരെ സേവനം കളിക്കാർക്കു ലഭിക്കുന്നുണ്ട്. മക്കള്‍ അംഗമായ അണ്ടര്‍-19 ടീമിന്റെ മാനേജറായി വിനോദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.