കൊച്ചി: പ്രളയ കാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരിന് ബില്ലു നല്‍കിയിട്ടില്ലെന്ന് നാവിക സേന. ബില്ലു നല്‍കിയെന്നത് വ്യാജ പ്രചരണമാണെന്ന് നാവികസേനാ വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ല പറഞ്ഞു. ഒരു നൂറ്റാണ്ടായി കേരള സംസ്ഥാനത്തിന്റെ സുരക്ഷയുടെയും സമ്പദ് വ്യവസ്ഥയുടെയും അവിഭാജ്യഘടകമാണ് നേവിയെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യഘട്ടങ്ങളില്‍ നേവി സ്വയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് രീതിയെന്നും ഇത്തരം പ്രചരണങ്ങള്‍ എല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പണം ഈടാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിലെ നേവി യൂണിറ്റ് പരിശീലനത്തിന് പ്രാധാന്യം നല്‍കുന്നതാണ്. അതുകൊണ്ട് പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം നാവിക സേനയിലുള്ളവര്‍ക്ക് പുറത്ത് പരിശീനത്തിന് ലഭിച്ചൊരു അവസരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആകെ ഉണ്ടാകുന്ന ചെലവുകള്‍ തേയ്മാനച്ചെലവും ശമ്പളവുമാണ്. അത് അല്ലാതെ തന്നെ ഉണ്ടാകുന്നതിനാല്‍ ഇതൊന്നും കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനമല്ല, രാജ്യത്തിന്റെ പൊതു താല്‍പര്യ സുരക്ഷയാണ് നേവിയുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് എത്ര രൂപ ചെലവ് വന്നുവെന്ന് വ്യോമ സേന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാവിക സേനയുടെ വിശദീകരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.