കൊച്ചി: തദ്ദേശീയ നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് 2022 ആദ്യത്തോടെ നാവികസേനയുടെ ഭാഗമാകുമെന്ന് ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എകെ ചൗള. അടുത്തവര്‍ഷം ആദ്യ പകുതിയോടെ വിക്രാന്തിന്റെ കടലിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് കപ്പലില്‍നിന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തുമെന്നും ഐഎൻഎസ് ശാർദൂലിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കപ്പലിന്റെ ചട്ടക്കൂടും ഉപകരണങ്ങളും ഉള്‍പ്പെടെ 75 ശതമാനം ഭാഗങ്ങളും പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചവയാണ്. കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടായിരം പേര്‍ക്ക് നേരിട്ടും 40,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചു. കപ്പല്‍ നിര്‍മാണത്തുകയുടെ 85 ശതമാനത്തോളം രാജ്യത്തിന്റെ സമ്പദ്ഘടനയിലേയ്ക്കു തിരിച്ചെത്തി.
കമ്മിഷന് ചെയ്യുന്നതോടെ നാവികസേനയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പലാകും ഐഎന്‍എസ് വിക്രാന്ത്. കടല്‍ പരീക്ഷണത്തിനുമുന്നോടിയായുള്ള, കപ്പല്‍ ഓടിച്ചുകൊണ്ടുള്ള യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പരീക്ഷണം നിമാണശാലയോട് ചേര്‍ന്ന് കഴിഞ്ഞദിവസം നടന്നിരുന്നു. മൂന്നാമതൊരു വിമാനവാഹിനി കപ്പലെന്ന നാവികസേനയുടെ ആവശ്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് വൈസ് അഡ്മിറല്‍ പറഞ്ഞു. നാവികസേനയ്ക്കാവശ്യമായ പരിശീലന കപ്പലുകള്‍ നിര്‍മിക്കാന്‍ സ്വകാര്യ കപ്പല്‍ നിര്‍മാണശാലകള്‍ക്കും അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ ഭീഷണി നേരിടാന്‍ നാവികസേന അതീവ ജാഗ്രത പാലിക്കുന്നുണ്ട്. വെല്ലുവിളികള്‍ നേരിടാന്‍ സേന പൂര്‍ണ സജ്ജമാണ്. ഇന്ത്യന്‍ സേനയ്ക്കു പുറമെ സൗഹൃദരാജ്യങ്ങളുടെ നാവികസേനകളും മഹാസമുദ്രത്തിലുണ്ട്.
രണ്ട് പൈലറ്റുമാര്‍ മരിക്കാനിടയായ ഗ്ലൈഡര്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ഗ്ലൈഡറുകള്‍ പറത്തുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.
കോവിഡ് സാഹചര്യം നാവികസേനയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. ലോകത്തെമ്പാടുമുള്ള കോവിഡ് പ്രതിരോധപ്രവര്‍ത്തകരെ സേന അഭിനന്ദിക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ അടക്കമുള്ള മേഖലകളില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സേന സജ്ജമാണ്. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പടെ നല്കി മത്സ്യത്തൊഴിലാളികളെ സേനയുടെ സുഹൃത്തുക്കളാക്കാനുള്ള ശ്രമം തുടരുമെന്നും എകെ ചൗള പറഞ്ഞു.