കൊച്ചി: സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ച് ആഫ്രിക്കൻ രാജ്യമായ ഗിനി തടഞ്ഞുവച്ച ഇന്ത്യക്കാരടക്കമുള്ള നാവികർ നൈജീരിയൻ തീരത്ത് എത്തിച്ച കപ്പലിൽ തുടരുന്നു. മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണ് ചരക്കു കപ്പലായ ഹെറോയിക് ഐഡനിലുള്ളത്.
നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നയതന്ത്രതല ചർച്ചകൾ തുടങ്ങിയതായാണ് സൂചന. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയൻ ഹൈകമ്മീഷണറുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു.
നൈജീരിയൻ ജയിലിലേക്ക് മാറ്റാതെ ഇവരെ കപ്പലിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ ഉടൻ കപ്പലിലെത്തുമെന്നാണ് സൂചന. എന്നാൽ ഇവരുടെ മോചനം എപ്പോൾ സാധ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യാന്തര നിയമങ്ങൾ ലംഘിച്ചതിനാൽ കപ്പലിനെതിരെ നൈജീരിയൻ നിയമ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
കപ്പലിലെ ഫസ്റ്റ് ഓഫീസർ സനു ജോസ്, മുളവുകാട് സ്വദേശി മിൽട്ടൻ, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് നൈജീരിയ അറസ്റ്റ് ചെയ്ത കപ്പൽ സംഘത്തിലെ മലയാളികൾ. അതേസമയം, നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്നും നടപടികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും മലയാളികളായ നാവികർ പറഞ്ഞു.