സുഡാന്‍: സുഡാനില്‍ സൈനികരും അര്‍ധ സൈനികരും തമ്മില്‍ ഏറ്റുമുട്ടലിനിടെ മലയാളി കൊല്ലപ്പെട്ടു. ആലക്കോട് കാക്കടവ് സ്വദേശി ആലിവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ (48) ആണ് മരിച്ചത്. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു. ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദേശിച്ചിരുന്നു.
മരിച്ചയാളുടെ കുടുംബവുമായും മെഡിക്കല്‍ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. രണ്ടാഴ്ച മുന്‍പ് ഭാര്യ സൈബല്ലയും ഇളയ മകള്‍ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു. ഇവര്‍ സുരക്ഷിതരാണ്. മൂവരും നാട്ടിലേക്കു മടങ്ങാന്‍ ഇരിക്കെയാണു സംഭവം. അഗസ്റ്റിനാണ് ആല്‍ബര്‍ട്ടിന്റെ പിതാവ്. മാതാവ് മേഴ്‌സി. മകന്‍ ഓസ്റ്റിന്‍ കാനഡയിലാണ്. സഹോദരിമാര്‍: സ്റ്റാര്‍ലി, ശര്‍മി.
സുഡാനില്‍ സൈന്യവും അര്‍ധസൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്. സൈന്യവും അര്‍ദ്ധസൈനിക സേനയും ശനിയാഴ്ച തലസ്ഥാനമായ ഖാര്‍ത്തൂമിലും മറ്റ് പ്രദേശങ്ങളിലും ഏറ്റുമുട്ടിയിരുന്നു. 200-ലധികം മരണങ്ങളും പരിക്കുകള്‍ക്കും കാരണമായതായി റിപ്പോര്‍ട്ട് പറയുന്നു. ആക്രമണങ്ങളില്‍ കുറഞ്ഞത് 27 പേര്‍ കൊല്ലപ്പെടുകയും 180 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തെ ഡോക്ടര്‍മാരുടെ സംഘടന ശനിയാഴ്ച പറഞ്ഞു. എന്നാല്‍, പടിഞ്ഞാറന്‍ ഡാര്‍ഫൂര്‍ മേഖലയിലും വടക്കന്‍ പട്ടണമായ മെറോവിലും സൈനികരും ആര്‍എസ്എഫ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എണ്ണമറ്റ നിരവധി അപകടങ്ങള്‍ ഉണ്ടായതായി സുഡാന്‍ ഡോക്ടേഴ്സ് സിന്‍ഡിക്കേറ്റ് കൂട്ടിച്ചേര്‍ത്തു. സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ഗ്രൂപ്പും തമ്മിലുള്ള സംഘര്‍ഷം മാസങ്ങളായി തുടരുകയാണ്.