തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ഇന്ധനവില വീണ്ടും വർദ്ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വർദ്ധിച്ചിട്ടുണ്ട്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 76.97 ഉം ഡീസലിന്റെ വില 69.58 ഉം ആയി മാറി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ കുതിക്കുന്ന അതേ സമയത്ത് പെട്രോളിയം കമ്പനികൾ ഉയർന്ന ലാഭം കൊയ്യുകയാണ്.

നടപ്പു സാമ്പത്തിക വർഷത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുളള മൂന്നാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് രണ്ടാം പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം രൂപ ലാഭം. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 3696 കോടി ലാഭം നേടിയ കോർപ്പറേഷൻ മൂന്നാം പാദത്തിൽ 7883 കോടി ലാഭമാണ് നേടിയത്.

ഒരു ബാരൽ ക്രൂഡ് ഓയിൽ സംസ്കരിച്ച് പെട്രോളിയം ഉൽപ്പന്നങ്ങളാക്കുന്നതിന് 12.32 ഡോളറാണ് മൂന്നാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ലഭിച്ചത്. രണ്ടാം പാദത്തിൽ ഈ സംസ്കരണത്തിന് 7.98 ഡോളറായിരുന്നു നേട്ടം. ലാഭക്കണക്ക് പുറത്തുവന്നതോടെ ഓഹരി വിപണിയിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നേട്ടമുണ്ടായി. 4 ശതമാനത്തോളം ഓഹരി വില നേട്ടമുണ്ടാക്കിയതോടെ ഓഹരി 415 ൽ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ