ദുബായ്: ദുബായില്‍ ഭാഗ്യദേവത കടാക്ഷിച്ചവരുടെ പട്ടികയിലേക്ക് ഒരു മലയാളി കൂടി. 10 മില്യണ്‍ ദിര്‍ഹത്തിന്റെ ലോട്ടറിയാണ് ഡിക്സണ്‍ കാട്ടിച്ചിറ എബ്രഹാം എന്നയാള്‍ക്ക് അടിച്ചത്. നൈജീരിയയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് അബുദാബി ബിഗ് ടിക്കറ്റിന്റെ വന്‍തുകയാണ് സമ്മാനമായി ലഭിക്കുക.
ഇന്ന് രാവിലെ അബുദാബി വിമാനത്താവളത്തിലെ ആഗമന ഹാളില്‍ വച്ചാണ് നറുക്കെടുപ്പ് നടത്തിയത്. ഡിക്സണ്‍ എബ്രഹാമിന് 10 മില്യണ്‍ ദിര്‍ഹം (18,22,25,000 രൂപ) സമ്മാനമായി ലഭിച്ചപ്പോള്‍ മറ്റ് അഞ്ച് ഇന്ത്യക്കാര്‍ കൂടി സമ്മാനാര്‍ഹരായി. മൂന്ന് പാക്കിസ്ഥാനികള്‍ക്കും സമ്മാനം ലഭിച്ചു. ലോട്ടറിയടിച്ചവരില്‍ ഒരാള്‍ യുഎഇ സ്വദേശിയാണ്.
അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ വില്‍ക്കുന്ന ബിഗ് ടിക്കറ്റ് അബുദാബി നേരത്തേയും പല മലയാളികളേയും കോടീശ്വരന്മാരാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ദുബായില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 7 മില്യണ്‍ ദിര്‍ഹത്തിന്റെ (1.9 മില്യണ്‍ ഡോളര്‍) ഭാഗ്യം തേടിയെത്തിയത് മലയാളിയായ മണക്കുടി വര്‍ക്കി മാത്യു എന്നയാളെയായിരുന്നു.
ഏകദേശം 12 കോടി 16 ലക്ഷത്തോളമാണ് അന്ന് ജാക്ക്പോട്ട് അടിച്ചത്. മലയാളിയായ പാലക്കാട് സ്വദേശി ശ്രീരാജ് എന്ന ചെറുപ്പക്കാരനും ഇതേ ലോട്ടറി തന്നെ നേരത്തേ അടിച്ചിരുന്നു. യുഎഇയില്‍ ഷിപ്പിങ് കോഓര്‍ഡിനേറ്ററായി ജോലി ചെയ്തിരുന്ന ശ്രീരാജ് കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് വിജയിയായത്.