ഷാര്‍ജ: ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ തുക വീണ്ടും സമ്മാനമായി ലഭിച്ചത് മലയാളികള്‍ക്ക്. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലാണ് മലയാളികള്‍ കോടീശ്വരന്‍മാരായത്. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പില്‍ തൊടുപുഴ സ്വദേശി അജ്മാനില്‍ താമസിക്കുന്ന ജോര്‍ജ് മാത്യു എടുത്ത ടിക്കറ്റിന് 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. തിങ്കളാഴ‌്ച ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലെ എല്ലാ സമ്മാനവും നേടിയത് ഇന്ത്യക്കാരാണ്.

തിങ്കളാഴ്ച അബുദാബി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു നറുക്കെടുപ്പ്. ജോര്‍ജും കൂട്ടരും ചേര്‍ന്ന് വാങ്ങിയ 175342 എന്ന കൂപ്പണിനാണ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കൂപ്പണ്‍ എടുത്തത്.

കോട്ടയം സ്വദേശി ലിജോ, കോട്ടയ്ക്കല്‍ സ്വദേശി കൃഷ്ണരാജ്, എറണാകുളം സ്വദേശി ദിലീപ്, മലപ്പുറം സ്വദേശി റിജേഷ്, തിരുവനന്തപുരം സ്വദേശ് സതീഷ് എന്നിവരാണ് ജോര്‍ജിനൊപ്പം ചേര്‍ന്ന് കൂപ്പണ്‍ എടുത്തത്. ഒമ്പത് വര്‍ഷമായി സുഹൃത്തുക്കളായ ഇവര്‍ നേരത്തെ ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും ഇപ്പോള്‍ കുടുംബവുമായി മാറി താമസിക്കുകയാണ്. നേരത്തെയും ഇവര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാല്‍ ഭാഗ്യം വന്നെത്തിയത് ഈ പ്രാവശ്യമാണ്.

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ദുരിതാശ്വാസനിധിയിലേക്ക് സമ്മാന തുകയില്‍ നിന്നും സംഭാവന ചെയ്യുമെന്ന് ജോര്‍ജ് അറിയിച്ചു. ഇതു മൂന്നാം തവണയാണ് ഇത്രയും വലിയ തുക ബിഗ് ടിക്കറ്റില്‍ സമ്മാനമായി നല്‍കുന്നത്. ജനുവരിയില്‍ നടന്ന ആദ്യ നറുക്കെടുപ്പില്‍ ആലപ്പുഴ സ്വദേശി ഹരികൃഷ്ണനാണ് 12 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ഏപ്രിലില്‍ നടന്ന രണ്ടാമത്തെ നറുക്കെടുപ്പില്‍ ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ജോണ്‍ വര്‍ഗീസിനും സമ്മാനം അടിച്ചു. മറ്റു മൂന്നു മലയാളികളോടൊപ്പമായിരുന്നു ടിക്കറ്റെടുത്തത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുകയാണ് ജോര്‍ജ് മാത്യുവിന് അടിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.