തൊടുപുഴ: എമറാൾഡ് തുമ്പികളെ വീണ്ടും പെരിയാറിൽ കണ്ടെത്തി. 80 വർഷത്തിന് മുമ്പ് മാത്രമാണ് ഈ പ്രദേശത്ത് ഇന്ത്യൻ എമറാൾഡ് തുമ്പികളെ കണ്ടെത്തിയത്. ത്രിദിന തുമ്പി സർവേയിലാണ് ഇന്ത്യൻ എമറാൾഡ് ഉൾപ്പടെ 77 ഇനം തുമ്പികളുടെ ലിസ്റ്റ് രേഖപ്പെടുത്തിയത്. അപൂര്‍വ ജൈവ വൈവിധ്യത്തിന്റെ കേദാരമായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ നടത്തിയ തുമ്പികളുടെ സര്‍വേയിലാണ് ഈ കണ്ടെത്തൽ.
ഒക്ടോബര്‍ 27 മുതല്‍ 29 വരെയാണ് സര്‍വേ നടന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യന്‍ ഡ്രാഗണ്‍ സൊസൈറ്റിയും പെരിയാര്‍ ടൈഗര്‍ റിസര്‍വും ചേർന്നാണ് സര്‍വേ നടത്തിയത്. കേരളത്തില്‍ പതിനഞ്ചാമതും പെരിയാര്‍ കടുവാ സങ്കേതത്തില്‍ ആദ്യമായുമാണ് ഈ സര്‍വേ നടത്തിയത്. സര്‍വേയുടെ ഭാഗമായി കണ്ടെത്തിയ 77 ഇനം തുമ്പികളില്‍ 43 എണ്ണം കല്ലന്തുമ്പി വിഭാഗത്തിലും 34 എണ്ണം സൂചിത്തുമ്പി വിഭാഗത്തിലും ഉള്പെടുന്നവയാണെന്നു ഗവേഷകര്‍ പറയുന്നു.
സർവേയിൽ കണ്ടെത്തിയവയിൽ പത്തു വ്യത്യസ്ത ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നവയും അപൂര്‍വ ഇനത്തില്പ്പെട്ടവയുമാണ്. കുങ്കുമ നിഴല്‍ത്തുമ്പി, കാട്ടുമരതകന്‍, തീക്കറുപ്പന്‍, കാട്ടുപിരി ചിറകന്‍, ചെങ്കറുപ്പന്‍ അരുവിയന്‍ തുടങ്ങിയ അപൂര്‍വ ഇനത്തില്‍പ്പെട്ട തുമ്പികളെ സര്‍വേയുടെ ഭാഗമായി കണ്ടെത്താനായി. തുലാത്തുമ്പികളുടെ ദേശാടന സ്വഭാവത്തെക്കുറിച്ചുള്ള പഠനവും സര്‍വേയുടെ ഭാഗമായി നടത്തി. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ ഇരവങ്കലാര്‍, മണലാര്‍ എന്നീ സ്ഥലങ്ങളിലായി നടത്തിയ സര്‍വേയില്‍ ഇത്തരം തുമ്പികളുടെ ദേശാടന ദിശയും എണ്ണവും രേഖപ്പെടുത്തി. വലിപ്പത്തില്‍ നന്നേ ചെറുതാണെങ്കിലും മനോഹാരിതയിലും ജീവിതക്രമത്തിലും ചിത്രശലഭങ്ങളോടൊപ്പം തന്നെ പ്രധാന്യമുള്ളവയാണ് തുമ്പികളെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
തുമ്പികള്‍ തങ്ങളുടെ ഇഷ്ട വാസ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ജലാശയത്തിന്റെ തോത്, ഒഴുക്കിന്റെ തീവ്രത, ഊഷ്മാവ്, നദിയുടെ ആഴം, ജലാശയത്തിനുള്ളില്‍ വളരുന്ന ചെടികള്‍ എന്നിവ പരിഗണിക്കുന്നുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വെയിലും ജലത്തിന്റെ സാന്നിധ്യവും തങ്ങളുടെ വാസസ്ഥലം തിരഞ്ഞടുക്കാന്‍ പ്രധാനമായും തുമ്പികള്‍ പരിഗണിക്കുന്നുണ്ടെന്നും ജലാശയ മലിനീകരണം തുമ്പികളുടെ നിലനില്‍പ്പിനു വെല്ലുവിളി സൃഷിക്കുന്നതെന്നും പഠനം പറയുന്നു. ജൈവ സൂചകങ്ങള്‍ എന്ന നിലയിലും പ്രാധാന്യമുള്ള തുമ്പികള്‍ പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയ ജീവികള്‍ എന്നിവയുടെ ഭക്ഷണമെന്ന നിലയില്‍ ഭക്ഷ്യ ശൃംഖലയിലെ കണ്ണിയുമാണ്.
വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂണിയന് നടത്തിയ പഠനം പറയുന്നത് 13 ശതമാനത്തോളം തുമ്പികള്‍ വംശ നാശ ഭീഷണി നേരിടുന്നുവെന്നാണ്. ഡെങ്കിപ്പനി നിയന്ത്രണത്തിന് ജലാശയങ്ങളിലെ കൂത്താടികളെയും കൊതുകു മുട്ടകളും തിന്നുന്ന ഗംബൂസിയ മത്സ്യങ്ങള്‍ക്കു പകരം തുമ്പികളെ ഉപയോഗിക്കുന്നതു ഫലപ്രദമാണെന്ന് മധുരയിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ മെഡിക്കല്‍ എന്റമോളജിയും കണ്ടെത്തിയിരുന്നു.
ഗവേഷകരും വിദ്യാര്‍ഥികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട 84 അംഗ സംഘമാണ് സര്‍വേയ്ക്കു നേതൃത്വം നല്‍കിയത്. സെക്രട്ടറി ഡോക്ടര്‍ കിരണ്‍ സി.ജി എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സര്‍വേയ്ക്കു നേതൃത്വം നല്കി .
പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ ശില്പ വി.കുമാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ എന്‍.പി.സജീവന്, റേഞ്ച് ഓഫീസര്‍മാരായ എം.ജി.വിനോദ് കുമാര്‍, സുരേഷ് ബാബു, പ്രിയ ടി.ജോസഫ്, അജീഷ് കെ.എം, വി.പി.സോമന്, തങ്കരാജ്, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് പ്രമോദ് പാറക്കുഴിയില്‍, ഇക്കോളജിസ്റ്റ് പാട്രിക് ഡേവിഡ്, ഇന്ത്യന്‍ ഡ്രാഗണ്‍ ഫ്ളൈ സൊസൈറ്റി പ്രസിഡന്റ് ഡോക്ടര്‍ ത്യാഗി, സെക്രട്ടറി കിരണ്‍ സി.ജി എന്നിവരാണ് സര്‍വേയ്ക്കു നേതൃത്വം നല്‍കിയത്.