കായംകുളം: ക്രിസ്തു മതവിശ്വാസിയായ പ്രവാസി മലയാളി ഫുജൈറയില്‍ തൊഴിലാളികള്‍ക്കായി മുസ്‌ലിം പള്ളി പണിതുയര്‍ത്തി. കായംകുളം സ്വദേശിയായ സജി ചെറിയാനാണ് റമദാന്‍ സമ്മാനമായി തന്റെ തൊഴിലാളികള്‍ക്ക് പള്ളി പണിതു സല്‍കിയത്. 2003 ലാണ് സജി ചെറിയാന്‍ യുഎഇയില്‍ എത്തിയത്. 15 വര്‍ഷത്തിന് ശേഷം തനിക്ക് കിട്ടിയതിന്റെ ഒരു പങ്കാണ് മറ്റുളളവര്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1.3 മില്യണ്‍ ദിര്‍ഹം (ഏകദേശം 2.4 കോടി രൂപ) ചെലവിട്ടാണ് പള്ളി പണിതത്.

അല്‍ ഹൈല്‍ വ്യാവസായിക മേഖലയില്‍ ഈസ്റ്റ് വില്ലെ റിയല്‍ എസ്റ്റേറ്റ് കോംപ്ലക്സിലാണ് 49കാരനായ സജി പള്ളി പണിതത്. തന്റെ തൊഴിലാളികള്‍ ജുമാ നമസ്‌കാരത്തിനായി ടാക്‌സി പിടിച്ചു പോകുന്നത് സജി പലപ്പോഴും കണ്ടിട്ടുണ്ട്. ഏകദേശം 20 ദിര്‍ഹം എങ്കിലും ചെലവാക്കിയുള്ള ഈ യാത്ര ഇവര്‍ മുടക്കാറില്ല. ഇതിന് പരിഹാരമായാണ് സജി സ്വന്തമായി ഒരു പള്ളി തന്നെ തൊഴിലാളികള്‍ക്കായി പണിതു നല്‍കിയത്. ഒരേ സമയം 250 പേര്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യം പള്ളിയിലുണ്ട്.

‘ഫുജൈറ നഗരത്തില്‍ ജുമൂഹ നിസ്കരിക്കാന്‍ പോകാനായി 20 ദിര്‍ഹം വീതമാണ് ജോലിക്കാര്‍ ചെലവാക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഒരു പളളി നിര്‍മ്മിച്ചാല്‍ അവര്‍ക്ക് അത് ഉപകാരപ്രദമാകുമെന്ന് ഞാന്‍ കരുതി. തുടര്‍ന്നാണ് ഇവരുടെ താമസസ്ഥലത്തിന് അടുത്തായി സ്ഥലമെടുത്ത് പള്ളി പണിതത്’, സജി ചെറിയാന്‍ പറഞ്ഞു.

‘ഒരു ക്രിസ്ത്യനിയായ ഞാന്‍ പളളി പണിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അധികൃതരും ഏറെ സന്തോഷം പ്രകടിപ്പിച്ചു. എനിക്ക് എല്ലാ പിന്തുണയും അവര്‍ പ്രഖ്യാപിച്ചു, വൈദ്യുതിയും വെളളവും തരാമെന്നും പറഞ്ഞു’, സജി പറഞ്ഞു.

ഒരു ക്രിസ്ത്യന്‍ വിശ്വാസി മുസ്‌ലിം പള്ളി പണിയുന്നതില്‍ അധികൃതര്‍ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ നിരവധി പേരാണ് സജിക്ക് സഹായവുമായി എത്തിയത്. എന്നാല്‍, ഇതൊന്നും സ്വീകരിക്കാതെയാണ് സജി തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ‘മറിയം, ഉം എയ്‌സ’ എന്നാണ് പള്ളിക്ക് പേരിട്ടിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പാണ് പളളി പണിയാന്‍ ആരംഭിച്ചത്. താനൊരു വലിയ കാര്യമാണ് ചെയ്തതെന്ന ചിന്ത തനിക്കില്ലെന്ന് സജി പറഞ്ഞു. ‘ഐക്യത്തോടെ എല്ലാ മതക്കാരും ഒന്നിച്ച് ജീവിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാ മതക്കാരുടേയും ആഘോഷങ്ങളില്‍ എല്ലാവരും പങ്കെടുക്കാറുണ്ട്. മതമോ നിറമോ, ദേശമോ നോക്കി ആരേയും വേര്‍തിരിച്ച് കാണാറില്ല. ഐക്യത്തിനും സഹിഷ്ണുതയ്ക്കും മറ്റൊരു ഉദാഹരണമാണ് യുഎഇ’, സജി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ