തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരം തിരുവനന്തപുരത്ത് നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ മൽസരം നടത്താൻ തത്വത്തിൽ തീരുമാനമായി. കായിക മന്ത്രി എ.സി.മൊയ്തീനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

സർക്കാരിന്റെ അഭ്യർത്ഥനയെ മാനിച്ചാണ് തീരുമാനമെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. അന്തിമ തീരുമാനം ശനിയാഴ്ച നടക്കുന്ന കെസിഎ ജനറൽ ബോഡിക്കുശേഷമെന്നും കൊച്ചിയിൽ ക്രിക്കറ്റിനു മാത്രമായി പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ സർക്കാരിന്റെ പിന്തുണ തേടിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചിയിൽ നടത്താൻ കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനമായത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണു മൽസരം. എന്നാൽ മൽസരത്തിനായി കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോർ ടർഫ് പൊളിച്ചുനീക്കണമായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തത്.

രാജ്യാന്തര ഫുട്ബോൾ സംഘടനയുടെ മേൽനോട്ടത്തിൽ കൊച്ചി സ്റ്റേഡിയത്തിൽ നിർമ്മിച്ച ഫുട്ബോൾ ടർഫ് കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നത് ഒഴിവാക്കണമെന്നാണ് ഫുട്ബോൾ താരങ്ങളും ആരാധകരും ആവശ്യപ്പെട്ടത്. എല്ലാവിധ സൗകര്യങ്ങളോടും കൂടി തിരുവനന്തപുരത്ത് സ്റ്റേഡിയം ഉളളപ്പോൾ അവിടെ ക്രിക്കറ്റ് മൽസരം നടത്താതെ എന്തിനാണ് കൊച്ചിയിൽ നടത്തുന്നതെന്നായിരുന്നു ഫുട്ബോൾ പ്രേമികളുടെ ചോദ്യം.

കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാൻ ഹ്യൂമും കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിരുന്നു. കൊച്ചിയിൽ ക്രിക്കറ്റ് മൽസരം നടത്തരുതെന്നാവശ്യപ്പെട്ട് സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കെസിഎ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ