കൊച്ചി: കോവിഡ്-19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവിക സേന കപ്പലുകൾ പുറപ്പെട്ടു. രണ്ടു കപ്പലുകൾ മാലിദ്വീപിലേക്കും ഒരെണ്ണം ദുബായിലേക്കുമാണ് പുറപ്പെട്ടിരിക്കുന്നത്. തീര കടലില്‍ ഉണ്ടായിരുന്ന കപ്പലുകളെ പ്രവാസികളെ തിരികെയെത്തിക്കാന്‍ നിയോഗിച്ചതായി നാവികസേന അറിയിച്ചു.
ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറുമാണ് മാലിദ്വീപിലേക്ക് പോയിരിക്കുന്നത്. ഐഎന്‍എസ് ഷര്‍ദുലാണ് ദുബൈയില്‍ എത്തുക. പ്രവാസികളുമായി കപ്പലുകള്‍ കൊച്ചിയിലേക്കാണ് എത്തുക. ഐഎന്‍എസ് മഗറും ഐഎന്‍എസ് ഷര്‍ദുലും ദക്ഷിണ നാവിക സേനയുടെ കപ്പലുകളാണ്. ഐഎന്‍എസ് ജലാശ്വ ഈസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ കപ്പലാണ്. കേന്ദ്ര നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കപ്പലുകള്‍ യാത്ര തിരിച്ചിരിക്കുന്നത്.
Read More: പ്രവാസികൾക്ക് മേയ് 7ന് ശേഷം മടങ്ങിയെത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കപ്പലുകള്‍ രണ്ടു ദിവസത്തിനകം ദുബായിലും മാലിദ്വീപിലും എത്തുമെന്ന് നാവിക സേന അറിയിച്ചു. സാധാരണഗതിയില്‍ ഒരു കപ്പലില്‍ 500-600 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്ര പേരെ ഉള്‍ക്കൊള്ളിക്കാമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാലിയില്‍ നിന്ന് 700 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കാനുള്ളതെന്നാണ് വിവരം.
അതേസമയം കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാരെയും കൊണ്ട് യുഎഇ യില്‍ നിന്ന് എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തും. ആദ്യ സംഘത്തില്‍ മടങ്ങുന്നവരുടെ പട്ടിക യുഎയിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കി. അബുദാബി – കൊച്ചി, ദുബായ് – കോഴിക്കോട് എന്നിങ്ങനെയാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക.
വെള്ളിയാഴ്ച മുതല്‍ എല്ലാ ദിവസവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് ഉണ്ടാകും. എംബസി തയ്യാറാക്കിയിരിക്കുന്ന പട്ടികയിലെ പരമാവധി പേരെ ഇന്ത്യയിലേക്ക് കൊണ്ട് വരാനാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത്.
മടങ്ങാനാഗ്രഹിക്കുന്നവരുടെ മെഡിക്കൽ സ്ക്രീനിംഗ് നടത്തും. ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്രയ്ക്കിടെ, ഈ യാത്രക്കാരെല്ലാം ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും പുറപ്പെടുവിച്ച ഹെൽത്ത് പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്.
പ്രവാസികൾ എപ്പോൾ തിരിച്ചെത്തിയാലും അവരെ സ്വീകരിക്കാൻ വേണ്ട ക്രമീകരണങ്ങൾ തയ്യാറാക്കിയതായി സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനാ സൗകര്യം സജ്ജമാക്കുന്നതടക്കമുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ വകുപ്പുകളെയും കേന്ദ്ര മന്ത്രാലയങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടികളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. പ്രവാസികൾ തിരിച്ചെത്തുമ്പോൾ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ സെക്രട്ടറി തല സമിതി രൂപീകരിച്ചിരുന്നു.