ന്യൂഡൽഹി: കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാവുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായ്. കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്സ് ഡല്‍ഹി ഘടകത്തിന് വേണ്ടി സന്തോഷ് കോശി ജോയ് നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് രാജ്ദീപ് പ്രവചനം നടത്തിയത്.

കേരളം മൂന്നാം ബദലിനു സാധ്യത തേടുന്നുവെന്ന് വ്യക്തമാക്കിയ രാജ്ദീപ് ബിജെപിയുടെ പരിശ്രമങ്ങളെയും ഈ സാഹചര്യത്തില്‍ കൂട്ടിവായിച്ചാണ് കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി ആകാനുള്ള സാധ്യത ഉയര്‍ത്തിക്കാട്ടിയത്. രണ്ടോ, മൂന്നോ ടേമിനു ശേഷം പ്രതിപക്ഷമായി ഉയര്‍ന്നു വരാനാണ് ബിജെപിയുടെ ശ്രമമെന്നും അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ള ആളെ മുന്നോട്ടുവയ്ക്കുമെന്നാണ് കരുതുന്നതെന്നുമാണ് രാജ്ദീപ് സര്‍ദേശായിവ്യക്തമാക്കിയത്. മലയാളിയുടെ രാഷ്ട്രീയ ബോധത്തെ അഭിനന്ദിച്ച രാജ്ദീപ് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളും രാജ്ദീപ് ഓര്‍മ്മിച്ചു.

“മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തിലെ എന്റെ ആദ്യ അസൈന്‍മെന്‍റ് 1991ലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു അക്കാലത്ത്. സഹപ്രവര്‍ത്തകനായ ബിആര്‍ മണിയോടൊപ്പമായിരുന്നു യാത്ര. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. മലയാളികളുടെ രാഷ്ട്രീയ വിശകലന രീതികള്‍ എനിക്ക് ഇഷ്ടമാണ്. പൊതു ഇടങ്ങളില്‍ ആളുകളുമായി സംവദിക്കുന്നത് ഒരു റിപ്പോര്‍ട്ടറെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്.” രാജ്ദീപ് അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ