കൊച്ചി: 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനത്ത് യുവം 2023 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി കേരളത്തിലെത്തുന്നത് ഊര്‍ജം വര്‍ധിപ്പിക്കുന്ന കാര്യമാണെന്നും പറഞ്ഞു.
“ഒരുകാലത്ത് ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തിരിച്ചടികള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായാണ് അറിയപ്പെടുന്നത്. അത് യുവാക്കൾ കാരണമാണ്, അതിനാൽ ഇന്ത്യയിലെ യുവാക്കളില്‍ എനിക്ക് വലിയ വിശ്വാസമാണുള്ളത്,” പ്രധാനമന്ത്രി വ്യക്തിമാക്കി.
“പുതിയ ഇന്ത്യയെ സൃഷ്ടിക്കാന്‍ രാജ്യം ചുവടുവയ്ക്കുന്നു, ഒപ്പം ആഗോളതലത്തില്‍ നിരവധി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു. ഈ വികസന യാത്രയ്ക്ക് നേതൃത്വം നല്‍കാന്‍ കേരളത്തിലെ യുവാക്കളും മുന്നോട്ട് വന്നിട്ടുണ്ട്. ബിജെപിക്കും രാജ്യത്തെ യുവാക്കള്‍ക്കും ഒരേ കാഴ്ചപ്പാടാണുള്ളത്. ഞങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു, യുവാക്കള്‍ ഫലവും,” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ മേഖലയിലും അഴിമതി നടത്തി. എന്നാല്‍ ബിജെപി എല്ലാ മേഖലയിലും അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കൊച്ചി മെട്രോയുടെ നിര്‍മ്മാണ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. നാളെ സംസ്ഥാനത്തിന്റെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
“ഏതൊരു സംസ്ഥാനത്തിന്റെയും വികസനത്തിന് ആധുനികമായുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് കേരളത്തിലെ യുവാക്കൾക്ക് അറിയാം. കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടാൽ ഇവിടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും, പുതിയ വ്യവസായങ്ങൾ ഇവിടെ വരും, ടൂറിസം മെച്ചപ്പെടു,” നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു.
കേരളത്തിലെ സർക്കാർ യുവാക്കൾക്ക് ജോലി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. കേരള സര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ യുവാക്കള്‍ അംഗീകരിക്കില്ല. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും യുവാക്കള്‍ക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
“രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍. ഒരുകൂട്ടര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് കേരളത്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നു. മറ്റൊരു വിഭാഗം ഒരു കുടുംബത്തിന് മറ്റെന്തിനേക്കാളും പരിഗണന കൊടുക്കുന്നു. ഇവര്‍ അക്രമവും അഴിമതിയുമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇവരെ തുടച്ചു നീക്കാന്‍ കേരളത്തില്‍ യുവജനത കഠിനാധ്വാനം ചെയ്യണം,” നരേന്ദ്ര മോദി വ്യക്തിമാക്കി.
ഒരു വശത്ത് ഞങ്ങള്‍ കേരളത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് കേരളത്തിലെ ചിലര്‍ സ്വര്‍ണക്കടത്തിലാണ് ശ്രദ്ധിക്കുന്നത്. യുവാക്കളുടെ ഭാവി വച്ചുള്ള ഇത്തരം കളികള്‍ യുവാക്കള്‍ക്ക് മനസിലാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.