കൊച്ചി: ഇന്ത്യ ഫാഷൻ സമ്മിറ്റിന്റെ രണ്ടാം എഡിഷൻ മാർച്ച് 3 ന് കൊച്ചിയിലെ ലുലു മാരിയറ്റിൽ നടക്കും. രാജ്യത്തെ മുൻനിര ഡിസൈനർമാരും ഫാഷൻ മേഖലയിലെ പ്രമുഖന്മാരും അണിനിരക്കും. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര കേരള കൈത്തറിയിൽ നിർമ്മിച്ച ഡിസൈനർ വസ്ത്രങ്ങളും സമ്മിറ്റിലുണ്ടാകും. ഇന്ത്യ ഫാഷൻ ഇൻക്യുബേറ്ററിന്റെ നേതൃത്വത്തിൽ കേരള അക്കാദമി ഫോർ സ്കിൽസ് ഡവലപ്മെന്റും കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻസും ചേർന്നാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

ഫാഷൻ മേഖലയില പ്രമുഖ പത്രപ്രവർത്തകൻ വിനോദ് നായർ, മാനേജ്മെന്റ് വിദഗ്‌ധനായ അരുൺ ബാലചന്ദ്രൻ എന്നിവരെ അഭിമുഖീകരിച്ച് ഡിസൈനർ ഫാഷനിൽ കൈത്തറി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുക, ഫാഷൻ രംഗത്ത് യുവപ്രതിഭകളെ വളർത്തിയെടുക്കുക, ഇതിലൂടെ ഫാഷൻ മേഖലയെ വികസിപ്പിച്ച് ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നിവയാണ് ഫാഷൻ സമ്മിറ്റ് ലക്ഷ്യമിടുന്നത്.

ഫാഷൻ രംഗത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സമ്മിറ്റ് ചർച്ച ചെയ്യും. ഫാഷൻ വ്യവസായത്തിന്റെ പുരോഗതിയും വളർച്ചയും നിലനിർത്തുക, ഒരു കൂട്ടായ്മ വളർത്തിയെടുക്കുക, ഉപഭോക്താക്കളുടെ പുത്തൻ പ്രവണതകളെക്കുറിച്ച് അറിയുക തുടങ്ങിയവ ചർച്ചയിൽ ഉൾപ്പെടുത്തും.

ഇന്ത്യയിലെ മികച്ച കൈത്തറി ഉത്പന്നങ്ങൾ കേരളത്തിലുളളതാണെന്നും ഫാഷൻ സമ്മിറ്റിലൂടെ കൈത്തറി ഉത്പന്നങ്ങളുടെ വിപണി ആഗോള തലത്തിലേയ്ക്ക് ഉയർത്തുവാനുമാണ് ലക്ഷ്യമെന്നും ഇന്ത്യൻ ഫാഷൻ സമ്മിറ്റ് പ്രസിഡന്റ് വിനോദ് നായർ പറഞ്ഞു. ഫാഷൻ വ്യവസായം വികസിപ്പിക്കാനും അതിനെ സഹായിക്കുന്ന ഘടകങ്ങളെ പരിപോഷിപ്പിക്കാനുളള സാധ്യതകളാണ് ഫാഷൻ സമ്മിറ്റിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.