തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിനു സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. ഓഗസ്റ്റ് 13നു പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താം. ഈ ദിവസങ്ങളിൽ രാത്രികാലങ്ങളില്‍ പതാക താഴ്ത്തേണ്ടതില്ലെന്നു വ്യക്തമാക്കി ഫ്ളാഗ് കോഡില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
കുടുംബശ്രീ നിര്‍മിക്കുന്ന പതാകകള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖേനയാണു പ്രധാനമായും വിതരണം ചെയ്യുക. പതാകകള്‍ 12നുള്ളില്‍ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ നിര്‍ദേശിച്ചു.
വീടുകളിലും പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും മറ്റും പതാക ഉയര്‍ത്തുന്നതു തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. സ്കൂള്‍ കുട്ടികള്‍ ഇല്ലാത്ത വീടുകളില്‍ പതാക ഉയര്‍ത്താനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കണം. പതാക നിര്‍മാണത്തില്‍ ഖാദി, കൈത്തറി മേഖലകളെയും ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്കി.
15നു സ്കൂളുകളില്‍ പതാക ഉയര്‍ത്തിയ ശേഷം ചെറിയ ദൂരത്തില്‍ ഘോഷയാത്ര നടത്തണം. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കാളികളാവണം. ഘോഷയാത്രയുമാകാം. എല്ലാ ഗ്രാമങ്ങളിലും ഘോഷയാത്ര ആലോചിക്കണം.
സ്കൂളുകളിലും സ്ഥാപനങ്ങളിലും ഓഗസ്റ്റ് 10നുള്ളില്‍ ബാനറുകള്‍ കെട്ടണം. പ്രധാന സ്വാതന്ത്ര്യസമര കേന്ദ്രങ്ങളില്‍ 13 മുതല്‍ ഔദ്യോഗിക പരിപാടികള്‍ നടത്തണം. കുട്ടികളുമായി സ്വാതന്ത്ര്യസമര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം. സ്വാതന്ത്ര്യസമരത്തിലെ തിളക്കമാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തി ലഘുലേഖ വിതരണം ചെയ്യണം. ഗ്രന്ഥശാലകളിലും ക്ലബ്ബുകളിലും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കോവിഡ് വാക്സിന് മൂന്നാം ഘട്ടം ഉടന്‍ പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്കി. കുട്ടികള്‍ക്കു വാക്സിന് നല്‍കുന്നത് ഊര്‍ജിതമാക്കണം. ആരോഗ്യവകുപ്പ് തയാറാക്കിയ കര്‍മപദ്ധതിയനുസരിച്ച് വാക്സിനേഷന് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍മാര്‍ ശ്രദ്ധിക്കണം.
ജലജീവന്‍ മിഷന് പദ്ധതി 2024 മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനാവശ്യമായ എല്ലാ സഹായവും കലക്ടര്‍മാര്‍ ചെയ്തുകൊടുക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ ഇടപെടണം. ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന് അവലോകനയോഗം നടത്തി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സമയബന്ധിതമായി പരിഹരിക്കണം. ജനപ്രതിനിധികളുടെ യോഗം വിളിക്കണം. റോഡ് മുറിക്കല്‍, വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ ആവശ്യമായ സഹായം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.