തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആർടിസി സംയുക്ത സമരസമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. തൊഴിലാളി സംഘടനകളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച പരാജയപ്പെട്ടു. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാത്ത സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.

പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകൾ മുമ്പോട്ട് വച്ചിരിക്കുന്നത്.

Also Read: മൂന്നാറിലെ കാട്ടുകൊമ്പൻ നാടു കാണാനിറങ്ങി, പടയപ്പയെ കണ്ട സന്തോഷത്തിൽ സഞ്ചാരികൾ

നേരത്തെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ചയിൽ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു. കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: ഇങ്ങോട്ട് ആക്രമിച്ചാൽ കണക്ക് തീർത്ത് കൊടുക്കണം: കോടിയേരി ബാലകൃഷ്ണൻ

എന്നാൽ സമരക്കാരുടെ പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. അതിനാൽ തന്നെ അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും തച്ചങ്കരി മുന്നറിയിപ്പ് നൽകി.

അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനെ ഹൈക്കോടതി വിമർശിച്ചു. ജീവനക്കാരുടെ സമരം നിയമപരമായ നടപടിയല്ല. സമരം നടത്തുന്നതിന് നേരത്തെ നോട്ടീസ് നൽകിയെന്നത് അംഗീകരിക്കാനാവില്ല. നിയമപരമായി പ്രശ്നം പരിഹരിക്കാൻ മാർഗ്ഗമുള്ളപ്പോൾ മറ്റു മാർഗ്ഗം തേടുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.