കൊച്ചി: ആന്റി റാബീസ് വാക്സിനെടുത്തിട്ടും പാലക്കാട്ട് കോളജ് വിദ്യാർഥിനി മരിക്കാനിടയായ സംഭവം പൊതുജനാരോഗ്യ വിദഗ്ധരിൽ പുതിയ ചർച്ചകൾക്കു തുടക്കമിടുന്നു. സംസ്ഥാനത്ത് പേവിഷബാധ മരണം കൂടിവരുന്ന സാഹചര്യത്തില്‍ ആന്റി റാബീസ് വാക്സിൻ സമയബന്ധിതമായും ശാസ്ത്രീയമായും എടുക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ പാലക്കാട് മങ്കരയിൽ മരിച്ച മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ ശ്രീലക്ഷ്മി (18) വാക്സിൻ പൂർണമായി എടുത്തിരുന്നതായാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നത്. ഇക്കാര്യം ഒരു ചൂണ്ടുപലകയായി എടുത്ത് വിശദമായി പരിശോധിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം 11 പേരാണു പേവിഷബാധ മൂലം മരിച്ചത്. 2020- അഞ്ച്, 2019- എട്ട്, 2018- ഒന്‍പത്, 2017- മൂന്ന്, 2016- രണ്ട് എന്നിങ്ങനെയാണ് അതിനു മുന്‍ വര്‍ഷങ്ങളിലെ മരണം. ഈ വര്‍ഷം ഇതുവരെ അഞ്ചിലേറെ പേര് മരിച്ചതായാണ് അനൗദ്യോഗിക വിവരം. ഇതില്‍ ഒടുവിലത്തെ രണ്ടു കേസുകളാണ് ഇന്നലത്തേത്. തൃശൂര്‍ പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണനാണ് (60) ഇന്നലെ മരിച്ച മറ്റൊരാൾ.
പാലക്കാട്ടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ ബി സി എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണു മരിച്ച ശ്രീലക്ഷ്മി. മേയ് 30നു രാവിലെ കോളജിലേക്കു പോവുമ്പോഴാണു ശ്രീലക്ഷ്മിയുടെ ഇടതു കൈവിരലുകളിൽ അയല്‍വീട്ടിലെ നായയുടെ കടിയേറ്റത്.
പ്രതിരോധ വാക്സിനെടുക്കാതിരിക്കുന്നതു പോലെ, വാക്സിനെടുക്കുന്നതിലെ കാലതാമസവും മരണത്തിലേക്കു നയിച്ചേക്കാം. വാക്സിനേഷന് ഷെഡ്യൂള്‍ കൃത്യമായി പാലിക്കാത്തതും കാറ്റഗറി മൂന്നില്‍ പെട്ട മുറിവുള്ളവരില്‍ കടിയേറ്റ ഭാഗത്ത് ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവയ്ക്കാത്തതും റാബീസിനു കാരണമായേക്കാം. എന്നാൽ, ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ പ്രതിരോധ വാക്സിനുകളും ശ്രീലക്ഷ്മി എടുത്തതായാണു വിവരം.
കടിയേറ്റ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിൻ എടുത്തു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽനിന്നും സ്വകാര്യ ആശുപത്രിയിൽനിന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നുമായി മറ്റു വാക്സിനുകളുമെടുത്തു. വാക്സിനെടുത്ത കാര്യം പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പി റീത്ത ശരിവച്ചു. മുഴുവനായി വാക്സിനെടുത്ത കേസില്‍ മരണം ഇതാദ്യമാണെന്ന് അവര്‍ പറഞ്ഞു.
ജൂൺ ഇരുപത്തിയേഴിനാണു വാക്സിൻ ഡോസ് പൂർണമായത്. പിറ്റേദിവസം പനിയും അസ്വസ്ഥതകളുമുണ്ടായതോടെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ കണ്ടു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു.
പേവിഷബാധ പ്രതിരോധ വാക്സിനെടുത്തിട്ടും മരണം സംഭവിക്കുന്നത് വളരെ അപൂർവമാണ്. ചില മരുന്നുകൾ ചിലരിൽ ഫലിക്കണമെന്നില്ലെന്നും ശ്രീലക്ഷ്മിയുടെ കാര്യത്തിൽ ഇതാണു സംഭവിച്ചിരിക്കാൻ സാധ്യതയുമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം.
”വാക്സിന് ഹിസ്റ്ററി പരിശോധിച്ചതില്‍ പ്രാഥമികമായി പ്രശ്നമൊന്നും കാണുന്നില്ല. ഒരു ഡോസ് സ്വകാര്യ ആശുപത്രിയില്‍നിന്നും ബാക്കിയുള്ളത് സർക്കാർ ആശുപത്രികളിൽനിന്നും മെഡിക്കല്‍ കോളജില്നിന്നുമായാണ് എടുത്തിരിക്കുന്നത്. വിശദമായ പരിശോധനയ്ക്കുശേഷമേ കൂടുതല്‍ പറയാന്‍ കഴിയൂ,” ഡോ. റീത്ത പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
ശ്രീലക്ഷ്മിയെ കടിച്ച നായ അതേ ദിവസം ഉടമസ്ഥനായ വയോധികനെയും കടിച്ചിരുന്നു. കുത്തിവയ്പെടുത്ത അദ്ദേഹത്തിനു രോഗലക്ഷണങ്ങളില്ല. സംഭവം വിലയിരുത്താൻ തൃശൂർ മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച വിവിധ ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ധരുടെ യോഗം ചേരും.
2021 ഒക്ടോബറില്‍ കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പെടുത്ത ഏഴുവയസുകാരന് മരിച്ചിരുന്നു. ആലന്തട്ട വലിയ പൊയില്‍ തോമസിന്റെ മകന് എം കെ ആനന്ദാണ് മരിച്ചത്. മുഖത്ത് കടിയേറ്റ കുട്ടിയെ അന്നു തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി കുത്തിവയ്പ് നല്‍കിയിരുന്നതായാണു ബന്ധുക്കള്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ രണ്ട് കുത്തിവയ്പുകള്‍ കൂടി എടുത്തിരുന്നതായും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യഥാസമയം വാക്സിനെടുക്കണം
ലോകത്ത് പ്രതിവര്‍ഷം 55,000-60,000 വരെ പേവിഷബാധ മരണങ്ങളാണ് സംഭവിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യയിലാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂട്ടിക്കാട്ടുന്നു. വൈറസ് വാഹകരായ മൃഗങ്ങളുടെ വായിലെ ശ്രവം വഴിയാണു മനുഷ്യനില്‍ രോഗാണുക്കളെത്തുന്നത്. നായ്ക്കള്‍ ഉള്‍പ്പെടെയുളളവയുടെ കടിയേല്‍ക്കുമ്പോഴോ നമ്മുടെ ശരീരത്തിലെ മുറിവില്‍ നക്കുമ്പോഴോ രോഗം പകരാം. മുറിവില്‍നിന്ന് രോഗാണുക്കള്‍ നാഡികള്‍ വഴി തലച്ചോറില്‍ എത്തുമ്പോൾ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഈ അവസ്ഥയില്‍ അസുഖം ചികിത്സിച്ചു ഭേദമാക്കുക ഒട്ടും ഒളുപ്പമല്ല.
രാജ്യത്ത് പേവിഷ ബാധയേല്‍ക്കുന്നവരില്‍ 97 ശതമാനത്തിനും രോഗബാധയുണ്ടാവുന്നത് നായ്ക്കളുടെ കടിയില്‍ നിന്നാണ്. രണ്ടു ശതമാനം ആളുകള്‍ക്ക് പൂച്ചകളില്‍നിന്നും ബാക്കിയുള്ളവര്‍ക്കു കീരി, കുറുക്കന്, ചെന്നായ, മറ്റ് വന്യമൃഗങ്ങള്‍ എന്നിവയുടെ കടിയില്‍നിന്നും. പേവിഷബാധയുള്ള പശു, ആട്, മറ്റ് സസ്തനികള്‍ എന്നിവ മുറിവുകളില്‍ നക്കിയാലും വൈറസ് മനുഷ്യരിലെത്താം.
പല രാജ്യങ്ങളും പേവിഷബാധ മരണം നിര്‍മാര്‍ജനം ചെയ്തു കഴിഞ്ഞു. 2030 ഓടെ മരണം പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ദേശീയ പേവിഷബാധാ നിയന്ത്രണ പരിപാടി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നൂറ് ശതമാനം മരണസാധ്യതയുള്ളതയും യഥാസമയം പ്രതിരോധ വാക്സിനെടുത്താല്‍ നൂറ് ശതമാനം മരണം തടയാവുന്നതുമായാണ് പേവിഷ ബാധയെ ആരോഗ്യവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് പ്രതിരോധ വാക്സിന് സൗജന്യമായി ലഭിക്കും. എന്നിട്ടും പേവിഷബാധ മരണങ്ങള് വര്‍ധിക്കുന്നതിനു കാരണം വാക്സിനെടുക്കുന്നതിലെ അലംഭാവമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വളരെ ചെറിയ ശതമാനം മാത്രമേ വാക്സിനെടുക്കാത്തതായി ഉള്ളൂവെങ്കില്‍ പോലും അത് പ്രശ്നമാണ്. കുട്ടികള്‍, തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ ഒക്കെ ഈ വിഭാഗത്തിലുണ്ടാവും. ചിലര്‍ കടിയേറ്റതു നിസാരമായി എടുക്കുന്നതോ വീട്ടിലെ സാഹചര്യം കാരണം തുറന്നു പറയാന്‍ മടിക്കുന്നതോ ആവാം. കുട്ടികളുടെ കാര്യത്തിലൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. മദ്യപാനം, മാനസിക പ്രശ്നങ്ങൾ തുടങ്ങി പലകാരണങ്ങളാൽ തെരുവിൽ കഴിയുന്നവരും ചികിത്സ തേടിയെന്നു വരില്ല.
ഈ വര്‍ഷമുണ്ടായ മൂന്ന് പേവിഷബാധ മരണങ്ങള് ഉദാഹരണമായി പരിശോധിക്കാം. ഇന്നലെ മരിച്ച തൃശൂർ പെരിഞ്ഞനം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ കുത്തിവയ്പ് എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഉണ്ണികൃഷ്ണനു മൂന്നു മാസം മുൻപാണ് കടിയേറ്റത്. നായക്കുട്ടി ആയതിനാൽ നിസാരമായി കരുതി. തെരുവിൽനിന്നു വന്നുകയറിയ നായക്കുട്ടിയെ വീട്ടുകാർ വളർത്തുകയായിരുന്നു.
മേയില്‍ കൊല്ലം ശാസ്താംകോട്ട പോരുവഴിയില്‍ മരിച്ച നടുവിലേമുറിയില്‍ ഫൈസലെന്ന ഒന്പതുകാരനു പ്രതിരോധ കുത്തിവയ്പ് ലഭിച്ചിരുന്നില്ല. മാര്‍ച്ചില്‍, ഒരുമാസത്തോളം പ്രായമായ വളര്‍ത്തുനായയുടെ നഖംകൊണ്ടു കുട്ടിയുടെ കൈത്തണ്ടയില്‍ പോറലേറ്റിരുന്നു. ഇതു നിസാരമമെന്നു കരുതി വീട്ടുകാര്‍ അവഗണിക്കുകയായിരുന്നു കുട്ടിയുടെ മുത്തച്ഛനു പട്ടിയുടെ കടിയേറ്റതിനാല്‍ കുത്തിവയ്പെടുത്തു. രണ്ടു മാസത്തിനുശേഷം കുട്ടിക്കു കടുത്ത പനിയും അസ്വസ്ഥതയുമുണ്ടായതോടെ നടത്തിയ പരിശോധനയിലാണു പേവിഷബാധ സ്ഥിരീകരിച്ചത്.
ജൂണില്‍ ഇടുക്കി മുരിക്കാശേരി തേക്കിന്തണ്ട് സ്വദേശി ഓമന മരിച്ചതും വാക്സിന് യഥാസമയം എടുക്കാത്തതുമൂലം തന്നെ. പേപ്പട്ടിയുടെ കടിയേറ്റ വിവരം ഭര്‍ത്താവ് ശങ്കരനോടോ ബന്ധുക്കളോടോ ഓമന പറഞ്ഞിരുന്നില്ല. രണ്ടുമാസത്തിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ആശുപത്രിയിലെത്തിയപ്പോഴാണ് നായ കടിച്ച വിവരം ഓമന ഡോക്ടറോട് പറഞ്ഞത്. തുടര്‍ന്ന് പേവിഷബാധയ്ക്കുള്ള വാക്സിന് നല്‍കിയെങ്കിലും മരിക്കുകയായിരുന്നു.
മുഖത്തോ വിരലുകളിലോ ഉള്ള കടി ഗുരുതരമാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാഡികളിലൂടെ വൈറസുകള്‍ പെട്ടെന്നു തന്നെ തലച്ചോറിലേക്കെത്താന്‍ സാധ്യതയുള്ളതിനാലാണിത്. അതുകൊണ്ടു കൂടിയാണു കാലതാമസ കൂടാതെ കുത്തിവയ്പെടുക്കണമെന്നു പറയാന്‍ കാരണം.
വാക്സിനേഷന് ഇങ്ങനെ
മൂന്നു കാറ്റഗറിയായി തിരിച്ചാണ് ആന്റി റാബീസ് ചികിത്സ. മൃഗങ്ങളെ തൊടുകയോ മുറിവുകള്‍ ഇല്ലാത്തതോ ആയ കേസുകളാണ് ഒന്നാമത്തെ കാറ്റഗറി.പ്രതിരോധ കുത്തിവയ്പ് ആവശ്യമില്ല. മൃഗങ്ങള്‍ നക്കിയ ഭാഗം സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ 10-15 മിനിറ്റ് നന്നായി കഴുകണം. വൈറസുകളെ നിർവീര്യമാക്കുന്നതിനാണ് ഇങ്ങനെ കഴുകാന്‍ നിര്‍ദേശിക്കുന്നത്.
രണ്ടാം കാറ്റഗറിയില്‍, തൊലിപ്പുറത്തെ മാന്തലും രക്തം വരാത്ത ചെറിയ പോറലുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെയുള്ള ഭാഗവും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കുകയും വേണം.
ചുണ്ടിലോ വായിലോ നാക്കിലോ നക്കുക, മുറിവുള്ള തൊലിപ്പുറത്തു നക്കുക, രക്തം പൊടിയുന്ന മുറിവുകള്‍ എന്നിവയാണു മൂന്നാം വിഭാഗത്തില്‍. മുറിവ് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുന്നതിനൊപ്പം പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണം. മുറിവില്‍ ആന്റി റാബീസ് ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പും സ്വീകരിക്കണം. ടെറ്റനസ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്തവര്‍ക്കു അതും നല്‍കണം.
ഇക്വൈന്‍ റാബീസ് ഇമ്യൂണോഗ്ലോബുലിന്‍, ഹ്യൂമന്‍ റാബീസ് ഇമ്യൂണോഗ്ലോബുലിന്‍, മോണോക്ലോണല്‍ ഇമ്യൂണോഗ്ലോബുലിന്‍ എന്നിങ്ങനെ മൂന്നു തരം ഇമ്യൂണോഗ്ലോബുലിനാണുള്ളത്.
പൊക്കിളിനു ചുറ്റും 14 ദിവസം തുടര്‍ച്ചയായി കുത്തിവയ്പ് എടുക്കുന്നതായിരുന്നു പഴയ രീതി. ഇതിനു വേദനയും പാര്‍ശ്വഫലങ്ങളും വളരെ കൂടുതലായിരുന്നു. ഇപ്പോൾ പേശിയിലും തൊലിപ്പുറത്തും നല്കുന്ന രണ്ടു തരം കുത്തിവയ്പുകളാണ് ഇപ്പോഴുള്ളത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, നവജാതശിശുക്കള്‍, പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഉള്‍പ്പെടെ കടിയേറ്റ എല്ലാവരും വാക്സിന് സ്വീകരിക്കണം.
ഇന്‍ട്രാ മസ്കുലര്‍ റാബിസ് വാക്സിനേഷന് (ഐ എം ആര് വി) മുതിര്‍ന്നവരില്‍ ഡെല്‍റ്റോയ്ഡ് പേശിയിലും കുട്ടികളുടെ തുടയുടെ അകം ഭാഗത്തുമാണ് എടുക്കുന്നത്. 0.5 മില്ലി വാക്സിന് 0, മൂന്ന്, ഏഴ്, 14, 28 ദിവസങ്ങളിലാണ് നല്‍കുക. ചില സാഹചര്യങ്ങളില്‍ തൊണ്ണൂറാം ദിവസം ഒരു ഡോസ് കൂടി നല്‍കും. സ്വകാര്യ ആശുപത്രികള്‍ ഈ വാക്സിനാണു മിക്കവാറും നല്‍കുന്നത്.
തൊലിപ്പുറത്ത് നല്കുന്ന ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്സിനേഷന് (ഐ ഡി ആര് വി) 0.1 മില്ലിയാണു നല്‍കുക. 0, മൂന്ന്, ഏഴ്, 28 ദിവസങ്ങളിലാണ് കുത്തിവയ്പ്. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് നൽകുന്ന ഈ വാക്സിന് പ്രതിരോധശക്തി കൂടുതലാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
”ലോകമെമ്പാടുമുള്ള റാബിസ് കേസുകളുടെ 60 ശതമാനവും ഇന്ത്യയിലാണ്. കേരളത്തില്‍ മരണം ഉള്‍പ്പെടെയുള്ള കേസുകള്‍ വളരെ കുറവാണെങ്കിലും പൂർണമായി നിര്‍മാര്‍ജനം ചെയ്യാന്‍ നമുക്ക് കഴിയണം. കാരണം കേരളം പോലെയുള്ള ആരോഗ്യസംവിധാനമുള്ള നാട്ടില്‍ റാബിസ് വന്ന് ആളുകള്‍ മരിക്കാന്‍ പാടില്ല. മൃഗങ്ങളുടെ കടിയേല്‍ക്കുന്ന അല്ലെങ്കില്‍ മാന്തേല്ക്കുന്നവര് എത്രയും വേഗം വാക്സിനെടുക്കുകയാണു വേണ്ടത്. രക്തം വന്ന മുറിവുണ്ടെങ്കില്‍ ഇമ്യൂണോഗ്ലോബുലിനും സ്വീകരിക്കണം,” മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി എസ് അനീഷ് പറഞ്ഞു.
കടിയുടെ സ്വഭാവമനുസരിച്ചാണു ചികിത്സ വേണ്ടതെന്നും മുറിവുള്ള കേസുകളില്‍ വാക്സിനൊപ്പം ഇമ്യൂണോഗ്ലോബുലിനും നല്‍കുന്നതിലൂടെയാണു റാബിസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുകയെന്നും ആരോഗ്യവകുപ്പ് മുന്‍ ഡയരക്ടര്‍ ഡോ. ആര് രമേഷ് പറഞ്ഞു.
”കടിയേറ്റ് എത്ര സമയത്തിനുള്ളിലാണ് വാക്സിനെടുത്തതെന്നത് ചികിത്സയില്‍ പ്രധാനമാണ്. പ്രഥമശുശ്രൂഷയും എത്രയും പെട്ടെന്നു വാക്സിന് സ്വീകരിക്കുന്നതും വളരെ പ്രധാനമാണ്. വളര്‍ത്തു മൃഗങ്ങള്‍ കടിച്ചാല്‍ പോലും വാക്സിനെടുക്കണം. അക്കാര്യത്തില്‍ അശ്രദ്ധ പാടില്ല. വന്യജീവികളുടെ എണ്ണം നാട്ടില്‍ കൂടിയിരിക്കുകയാണ്. ഇതു റാബിസ് കേസുകള്‍ കൂടുന്നതിനു കാരണമാണ്,” ഡോ. രമേഷ് പറഞ്ഞു.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിലെത്തിയാല്‍ ഒരാഴ്ച മുതല്‍ മൂന്ന് മാസംവരെയുള്ള കാലയളവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവും. ഒരു വര്‍ഷത്തിലേറെ നീണ്ട ചില കേസുകളും അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു. തലവേദന, തൊണ്ടവേദന, മൂന്നുനാല് ദിവസം നീളുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണു പ്രാഥമിക രോഗലക്ഷണങ്ങള്‍.
വൈറസ് നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ ശ്വാസതടസം, ഉറക്കമില്ലായ്മ, തൊണ്ടയിലൂടെ വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചം കാറ്റ്, വെള്ളം, എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ അനുഭവപ്പെടും. മസ്തിഷ്കവീക്കം സംഭവിക്കുന്നതിനാല്‍ അപസ്മാരം, പക്ഷാഘാതം, മസ്തിഷ്ക മരണം എന്നിവ സംഭവിക്കാം.
ഈ കാര്യങ്ങള്‍ പരിശോധിക്കപ്പെടണം
മൃഗങ്ങളില്‍ മുന്‍പത്തേതിനേക്കാള്‍ റാബീസിന്റെ തോത് ഉണ്ടാവുന്നതായിരിക്കും പേവിഷബാധ മരണങ്ങള് വര്‍ധിക്കാനുള്ള ഒരു സാധ്യതയായി ചൂണ്ടിക്കാണിപ്പെടുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യവിദഗ്ധര്‍ക്കു പോലും ലഭ്യമല്ല.
”വന്യജീവികളില്‍നിന്ന് റാബീസ് വൈറസ് തെരുവു നായ്ക്കളിലേക്കും വളര്‍ത്തുമൃഗങ്ങളിലേക്കും പടരും. കാലാവസ്ഥ മാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ധാരാളം വന്യജീവികള്‍ നാട്ടിലിറങ്ങുന്നതുമൂലം വൈറസ് കൂടുതലായി പടരുന്നുണ്ടോയെന്ന് പരിശോധിക്കണം. അതോടൊപ്പം നാട്ടിലെ മൃഗങ്ങളില്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതലായി റാബീസ് നിലനില്‍ക്കുന്നുണ്ടോയെന്നും പരിശോധിക്കണം,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു ആരോഗ്യവിദഗ്ധന്‍ പറഞ്ഞു.
”വാക്സിനും ഇമ്യൂണോഗ്ലോബുലിനും എടുത്തിട്ടും എന്തുകൊണ്ട് മരണം സംഭവിക്കുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. വൈറസിനെതിരെ വാക്സിന് ഫലപ്രദമല്ലെന്നതും നല്‍കുന്നതിലെ പ്രശ്നവും വാക്സിനേഷന് പരാജയത്തിലേക്കു നയിക്കാം. എന്നാല്‍ ഏറെക്കാലമായി നല്കി വരുന്ന ആന്റി റാബീസ് വാക്സിന് ഒരു സുപ്രഭാത്തില്‍ പ്രവര്ത്തിക്കാതിരിക്കാതിരിക്കാനുള്ള സാധ്യത വളരെ വിരളമാണ്. കാരണം വളരെ പഴക്കം ചെന്ന രോഗമാണ് റാബീസ്. കോവിഡ് പോലെ പുതിയ വകദേങ്ങള് സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ വാക്സിന് പ്രവര്‍ത്തിക്കാനാണു സാധ്യത. അതേസമയം, വൈറസിനു വകഭേദം സംഭവിച്ചോയെന്നും പരിശോധിക്കണം,” അദ്ദേഹം പറഞ്ഞു.
വാക്സിന് എടുക്കുന്ന രീതി ശാസ്ത്രീയമാണോയെന്നുള്ളതാണ് ഇനിയുള്ള ചോദ്യം. പേയുള്ള ജീവിയുടെ കടിയോ മാന്തോ ഏല്ക്കുന്ന സ്ഥലത്ത് വൈറസിന്റെ സാന്നിധ്യമുണ്ടാവും. കടി മാരമാകുമ്പോള് വൈറസിന്റെ സാന്നിധ്യം വളരെ കൂടുതലാവും. അങ്ങനെയെങ്കില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നാഡികളിലേക്കു വ്യാപിക്കും. ഇതിനു മുന്‍പ് തന്നെ കടിയേറ്റ സ്ഥലത്തുവച്ച് വൈറസുകളെ നിര്‍വീര്യമാക്കണം. അതിന് ഇമ്യൂണോഗ്ലോബുലിന്‍ വാക്സിനൊടോപ്പം നല്‍കണം. രക്തം കണ്ടാല്‍ ഇമ്യൂണോഗ്ലോബുലിന്‍ നല്‍കണം. അല്ലാതെ വാക്സിന് മാത്രം നല്കിയാല് ചികിത്സ ഫലപ്രദമാവില്ല.
മറ്റൊന്ന് തൊലിപ്പുറത്ത് വാക്സിന് നല്‍കുന്നതിലെ പ്രശ്നമാണ്. മസിലില്‍ നല്കുന്ന വാക്സിന് ഒട്ടും പരിശീലനം ലഭിക്കാത്ത ആള്‍ക്കു പോലും നല്‍കാനാവും. എന്നാല്‍ തൊലിപ്പുറത്ത് നല്‍കുന്നതിന്റെ കാര്യം അങ്ങനെയല്ല. നല്ല പരിശീലനം ലഭിക്കാത്തവര്‍ ചെയ്താല്‍ തൊലിക്കറപ്പുറം മസിലിനു മുന്‍പായുള്ള പാളിയിലായിരിക്കും സിറിഞ്ച് കയറുക. അവിടെ രോഗപ്രതിരോധശേഷി നല്കുന്ന കോശങ്ങള്‍ കാര്യമായില്ല. അതുകാരണം വാക്സിനെടുത്തതിന്റെ ഗുണം ലഭിക്കാതെയാവും. ഈ പാളിയിലേക്കു സൂചി കയറിയെന്നു തോന്നിയാല്‍ വീണ്ടും കുത്തണം. ഇതു കൃത്യമായി പാലിക്കണം. ഈ ഘടകങ്ങള്‍ എല്ലാം കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: സംസ്ഥാനം നിരോധിച്ചത് 15, കേന്ദ്രം നിരോധിച്ചത് ആറ്; നാളെ മുതൽ പ്ലാസ്റ്റിക് നിരോധനം