മലപ്പുറം: ഇത്തവണ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിടുന്നത് ഒരു വിശ്വാസ പരീക്ഷണം കൂടിയായിരിക്കും. മുസ്‌ലിം, ന്യൂനപക്ഷ സമുദായങ്ങളുടെ ഇടതുപക്ഷത്തിലുള്ള വിശ്വാസത്തിന്റെ കണക്കെടുപ്പ്. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വലിയ പ്രതീക്ഷയോടെയാണ് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായം ഇടതുപക്ഷത്തോടൊപ്പം നിന്നത്. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ 10 മാസക്കാലത്തെ ഭരണം കൊണ്ട് ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ എന്നതിന്റെ പരീക്ഷണ വേദിയായി മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് മാറുകയാണ്.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നീക്കങ്ങളും സംസ്ഥാനത്ത് ഇടതു സര്‍ക്കാരിന്റെ പൊലീസില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരനുഭവങ്ങളും മലപ്പുറത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണത്തില്‍ പ്രതിഫലിക്കും.

കേരളത്തിൽ നടന്നിട്ടുളള വിവാദങ്ങൾ ഇതിൽ പ്രധാന പങ്ക് വഹിക്കും. പ്രത്യേകിച്ച് മത വിവാദങ്ങൾ. കേരളത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുളള വിഭാഗീയമായ പെരുമാറ്റമായിരിക്കും ഇതിലേറ്റവും പ്രധാനം. പല വിവാദങ്ങളുടെ പേരിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തുളള പൊലീസ് അനുഭവം തന്നെയാണ് പത്തുമാസം പിന്നിടുന്ന പിണറായി സർക്കാരിൽ നിന്നും ന്യൂനപക്ഷങ്ങൾക്കു ലഭിക്കുന്നതെന്നാണ് പൊതു വിലയിരുത്തൽ. അതിനവർ ചൂണ്ടിക്കാണിക്കുന്ന ഒന്നിലധികം സംഭവങ്ങളാണ്. ന്യൂനപക്ഷങ്ങൾക്കു മാത്രമല്ല, ദലിത്, ആദിവാസി, മറ്റ് പിന്നാക്ക വിഭാഗങ്ങളും സ്ത്രീകളും ഭിന്നലിംഗക്കാരുമെല്ലാം പൊലീസിന്റെയും സദാചാര പൊലീസിന്റെയും പീഡനത്തിനും അക്രമത്തിനും ഇരയാകുന്നതിന്റെ തെളിവുകളാണ് അവർ നിരത്തുന്നതും.

മലപ്പുറം ജില്ലയിൽ തന്നെ യുഡിഎഫിന്റെ കാലത്ത് തുടങ്ങി എൽഡിഎഫിന്റെ കാലത്ത് ആവർത്തിക്കുന്ന സംഭവങ്ങൾ വരെ അവർ ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തെ യാസിർ കേസിൽ വിധി വരുന്നത് പുതിയ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോഴാണ്. ആ കേസിലെ പ്രതി കൊടിഞ്ഞി ഫൈസൽ കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നു. ആർഎസ്എസിന്റെ ജില്ലയിലെ പ്രമുഖനായ നേതാവാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതി. ഇദ്ദേഹം നേരത്തെ യാസിർ കൊലപാതക കേസിൽ പ്രതിയായിരുന്നു. എന്നാൽ കേരളത്തിലെ പൊലീസിന്റെ അന്വേഷണത്തിലെ പാളിച്ച കൊണ്ടാണ് സുപ്രീം കോടതിയിൽ നിന്നും ശിക്ഷയിൽ നിന്നും ഒഴിവായതെന്ന് മലപ്പുറത്തെ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നവർ പറയുന്നു. ഇതുവരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരാണ് പക്ഷേ അവർ അധികാരത്തിൽ വരുമ്പോഴും ഇതുതന്നെ സംഭവിക്കുന്നുവെന്ന് രണ്ട് മൂന്ന് സമകാലിക സംഭവങ്ങളെ എടുത്തുകാണിച്ച് അവർ പറയുന്നു.

Read More: ആ 79,000 വോട്ട് ഇത്തവണ ആർക്ക്? മലപ്പുറം പുതിയ പരീക്ഷണത്തിന്റെ വേദിയാകുന്നു

അതിൽ പ്രധാനമായും മൂന്ന് സംഭവങ്ങാണുളളത്. കൊടിഞ്ഞിയിലെ ഫൈസല്‍ വധം, താനൂരിൽ ലീഗ്- സിപിഎം അടിയുടെ മറവിൽ പൊലീസ് നടത്തിയ അതിക്രമം. കാസര്‍കോട്ടെ മദ്രസ അധ്യാപകന്റെ കൊലപാതകം എന്നീ സംഭവങ്ങൾ ഈ പട്ടികയിലെ അവസാനത്തെ കണ്ണികളാണ്.

മുസ്‌ലിം വോട്ടര്‍മാരെ സ്വാധീനിക്കുക. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ആസുത്രിതമായി നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ഇടതു സര്‍ക്കാരും പൊലീസും സ്വീകരിച്ച നിലപാടുകളില്‍ മുസ്‌ലിം സമുദായത്തിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ ഇടതു പക്ഷത്തില്‍ മുസ്‌ലിം സമുദായം കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് അര്‍പ്പിച്ച വിശ്വാസം എത്രത്തോളം ഇടിഞ്ഞിട്ടുണ്ടെന്നതിന്റെ തോത് മുസ്‌ലിം വോട്ടര്‍മാര്‍ക്ക് ആധിപത്യമുള്ള മലപ്പുറം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പു ഫലത്തിലൂടെ വ്യക്തമാക്കപ്പെടും. ഇടതു പക്ഷത്തെ സംബന്ധിച്ചിടത്തോളം ഇത് ആശാവഹമായിരിക്കില്ലെന്നാണ് മലപ്പുറം മണ്ഡലത്തിലെ മാത്രം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന സൂചന.

ചെറു മുസ്‌ലിം, ന്യൂനപക്ഷ, പിന്നാക്ക സമുദായ പാര്‍ട്ടികളായ എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി, ബിഎസ്‌പി എന്നിവര്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്തു നിന്നും പിന്മാറിയിരിക്കുകയാണ്. 2014-ല്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും തങ്ങളുടെ പ്രഥമ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗണ്യമായ വോട്ടുകൾ നേടി ലീഗിന്റെ വിശ്വാസത്തിന്റെ കോണി ഇളക്കിയിരുന്നു. എസ്ഡിപിഐ 47,853-ഉം വെല്‍ഫയര്‍ പാര്‍ട്ടി 29,216 -ഉം വോട്ടുകളാണ് നേടിയത്. അതായത്, മൂന്നാം സ്ഥാനത്തുള്ള ബിജെപി നേടിയതിനേക്കാള്‍ (64,705 വോട്ടുകള്‍) കൂടുതല്‍ വോട്ടുകള്‍ ഈ രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് നേടി.

എന്നാല്‍ 2016 നിയമസഭാ തെതിരഞ്ഞെടുപ്പിലെത്തിയപ്പോഴേക്കും ഈ പാര്‍ട്ടികളുടെ എല്ലാം വോട്ടു വിഹിതത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ, മാത്രമല്ല, കേരളത്തിലെ ഉമ്മൻ ചാണ്ടി നേതൃത്വത്തിലുളള സർക്കാരിന്റെയും ന്യൂനക്ഷ വിരുദ്ധ, വര്‍ഗീയ നീക്കങ്ങളെ ചെറുക്കുന്നതിന് ഇടതുപക്ഷ മതേതര ശക്തികള്‍ക്ക് ശക്തിപകരുക എന്ന ലക്ഷ്യം വച്ചാണ് വിവധ സമുദായ സംഘടനകള്‍ ഇടതു പക്ഷ അനുകൂല നിലപാട് സ്വീകരിച്ചിരുന്നത്. മുസ്‌ലിം ലീഗിന്റെ ഏറ്റവും വലിയ വോട്ടു ബാങ്കായ സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന സമുദായ സംഘടനയുടെ ചില നേതാക്കള്‍ പോലും ഇത്തരമൊരു നിലപാട് പരസ്യമായി പറയുകയും ചെയ്തിരുന്നു. കേരളത്തിലുടനീളം സംഭവിച്ച പോലെ ഇത് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വോട്ടുകള്‍ വന്‍തോതില്‍ കുതിച്ചുയരാനും മങ്കട പോലുള്ളിടത്ത് ഒപ്പത്തിനൊപ്പം എന്ന പോലെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനും വഴിയൊരുക്കി. 2015-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും മലപ്പുറത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ കോട്ടകളിലെല്ലാം അവരുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടാക്കുകയും പലയിടത്തും കടുത്ത മത്സരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പത്തു മാസത്തെ ഇടതു സര്‍ക്കാര്‍ ഭരണത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധന് അനുസരിച്ച് എല്‍ഡിഎഫ് വോട്ടുകളിലും വളര്‍ച്ച ഉണ്ടാകാമെങ്കിലും ഇതിനെ നിഷ്പ്രഭമാക്കുന്ന ഭൂരിപക്ഷമായിരിക്കും പുതിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ലഭിക്കുകയെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. അതിന് കാരണമായി അവർ പറയുന്നത് ഇടതുപക്ഷ സർക്കാരിന്റെ ന്യൂനപക്ഷ ദലിത് വിരുദ്ധ സമീപനങ്ങൾ ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്നാണ്. പകരം വെയ്ക്കാൻ മറ്റൊരു ചോയിസില്ലാത്തിനാത്തിനാൽ തങ്ങൾക്കനുകൂലമാകും എന്നവർ ഉറപ്പിച്ചു പറയുന്നു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ റെക്കോര്‍ഡിട്ട മലപ്പുറത്തെ യുഡിഎഫ് ഭൂരിപക്ഷമായ 1,94,739 വോട്ടുകള്‍ 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 1,18,694-ലേക്ക് കുറച്ചു കൊണ്ടു വരാന്‍ കഴിഞ്ഞു. യുഡിഎഫിനുണ്ടായ വോട്ടു നഷ്ടത്തിനു പുറമെ ഏഴു മണ്ഡലങ്ങളിലും മത്സരിച്ച എസ്ഡിപിഐയ്ക്കും വെല്‍ഫയര്‍ പാര്‍ട്ടിക്കും 2014-നെ അപേക്ഷിച്ച് വന്‍തോതിലാണ് ഇവിടെ വോട്ടുകള്‍ ഇടിഞ്ഞത്. നേരത്തെ ഇവര്‍ക്ക് വോട്ട് ചെയ്ത വലിയൊരു ശതമാനം പേരും ഇടതു പക്ഷത്തെ പിന്തുണച്ചുവെന്ന് വ്യക്തം. യുഡിഎഫിനും ഈ ചെറുപാര്‍ട്ടികള്‍ക്കുമുണ്ടായ നഷ്ടം ഇടതു പക്ഷത്തിനു നേട്ടമായാണ് ഭവിച്ചത്. 2009-ലെ പൊതു തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് 3,11,473 വോട്ടുകള്‍ നേടിയ എല്‍ഡിഎഫിന് 2014-ലെ തിരഞ്ഞെടുപ്പില്‍ 2,42,775 വോട്ടുകള്‍ നേടാനേ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ പിന്നീട് രൂപപ്പെട്ട അനുകൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3,73,881 വോട്ടുകളുടെ നേട്ടമുണ്ടാക്കിക്കൊടുത്തു.

 

ഏറെ പ്രതീക്ഷയോടെ ഇടതു പക്ഷം നോക്കിക്കാണുന്ന ഈ നേട്ടമാണിപ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ പരീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്ത് അധികാരക്കസേരയില്‍ 10 മാസം പിന്നിടുന്ന ഇടതു പക്ഷത്തിന് ഈ ഉപതിരഞ്ഞെടുപ്പിലെ മുസ്‌ലിം വോട്ടുകളുടെ ഏകീകരണവും ഈ കാലയളവിനുള്ളില്‍ അതിലേക്കു നയിച്ച സംഭവ വികാസങ്ങളുമാണ് തിരിച്ചടിയാകുക. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കൈകൊള്ളുന്ന മുസ്‌ലിം വിരുദ്ധ നയങ്ങളും നീക്കങ്ങളും മൂലം അരക്ഷിതാവസ്ഥയിലുള്ള സമുദായത്തിന് വേണ്ട രീതിയിലുള്ള പരിഗണന ഇടതു സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് വര്‍ഗീയ സ്വഭാവമുള്ള സമീപ കാല സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി സമുദായ സംഘടനകള്‍ ഉന്നയിക്കുന്നത്. ഇതോടൊപ്പം തന്നെ ബിജെപി വോട്ടുകളുടെ സ്ഥിരതയുള്ള വളര്‍ച്ചയും അതോടൊപ്പം തന്നെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വര്‍ഗീയ ആക്രമണങ്ങളും സമുദായത്തിന്റെ ആശങ്ക ബലപ്പെടുത്തുന്നതാണ്. 2016-ല്‍ ബിജെഡിഎസിനെ കൂടി ഉള്‍പ്പെടുത്തി എന്‍ഡിഎ മുന്നണി വിപുലീകരിച്ച ശേഷം ബിജെപി സ്ഥാനാര്‍ത്ഥികളുടെ വോട്ടില്‍ മലപ്പുറത്ത് വളര്‍ച്ച ഉണ്ടായിട്ടുണ്ട് എന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല.

അധികാരത്തിലെത്തിയതിനു ശേഷം കേരളത്തില്‍ പലയിടത്തും പ്രത്യേകിച്ച് മലപ്പുറത്തുണ്ടായ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ഇടതു സര്‍ക്കാര്‍ നേരിട്ട രീതി എല്ലാ മുസ്‌ലിം സംഘടനകളുടേയും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു മാസം പിന്നിടുമ്പോഴാണ് 1998-ല്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ തിരൂരിലെ യാസറിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യ സൂത്രധാരനായ തിരൂരിലെ ആര്‍എസ്എസ് പ്രചാരക് മഠത്തില്‍ നാരായണനെ സുപ്രീം കോടതി വെറുതെ വിട്ടത്. ഈ കേസിലെ നാരായണനുള്‍പ്പെടെയുള്ള പ്രതികളെ നേരത്തെ കേരള ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നതാണ്. ഇതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ ആര്‍എസ്എസ് നിയോഗിച്ച അഭിഭാഷകനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ പരാജയപ്പെട്ടതാണ് പ്രതികളെ വെറുതെ വിടാന്‍ ഇടയാക്കിയതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഈ വിധി പുറത്തു വന്ന് നാലു മാസം പിന്നിടുമ്പോഴാണ് യാസര്‍ വധം ആസൂത്രണം ചെയ്ത മഠത്തില്‍ നാരായണന്റെ നേതൃത്വത്തില്‍ തന്നെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത കൊടിഞ്ഞിയില്‍ ഫൈസല്‍ എന്ന 32 കാരനെ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റിലായ നാരായണന്‍ ഇപ്പോള്‍ ജാമ്യത്തിനായുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ 14 ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടിയ പൊലീസ് ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ആര്‍എസ്എസ് നേതാവ് നാരായണനെ അറസ്റ്റ് ചെയ്തത്. യാസര്‍ വധക്കേസിലെ പോലെ പ്രോസിക്യൂഷന്റെ പരാജയത്തിലേക്കു നയിച്ച നീക്കങ്ങള്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവാതിരിക്കാന്‍ ശക്തമായ ജനകീയ സമരങ്ങളാണ് കൊടിഞ്ഞിയിലും സമീപ പ്രദേശങ്ങളിലും അരങ്ങേറിയത്. എന്നാല്‍ ഫൈസല്‍ വധവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തുന്നതെന്ന സിപിഎമ്മിന്റെ നിലപാട് ഇടതു പക്ഷത്തെ പിന്തുണച്ച പല സംഘടനകളിലും അമ്പരപ്പാണുണ്ടാക്കിയത്. ഈ വിഷയത്തില്‍ സിപിഎമ്മും ബിജെപിയും അല്ലാത്ത എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

താനൂരില്‍ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കലഹങ്ങളുടെ തുടര്‍ച്ചയായി ആഴ്ചകള്‍ക്കു മുമ്പുണ്ടായ പൊലീസ് അതിക്രമമാണ് ഇടതുപക്ഷത്തേയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു വിഷയം. മുസ്‌ലിം ലീഗ്-സിപിഎം രാഷ്ട്രീയ പോരാണ് ഇവിടുത്തെ കലഹങ്ങളുടെ മുഖ്യകാരണം. എന്നാല്‍ സിപിഎമ്മിന്റെ ഒരു ശക്തി കേന്ദ്രമല്ല ഇവിടം. ഏറ്റവും വലിയ ശക്തി മുസ്‌ലിം ലീഗു തന്നെയാണ്. എന്നാല്‍ ഇത്തവണ പൊലീസ് അതിക്രമത്തിലേക്കു നയിച്ച സംഭവങ്ങള്‍ക്ക് തുടക്കമിട്ട പൊലീസിനു വന്ന ഒരു അജ്ഞാത ഫോണ്‍ കോളിനെ ചുറ്റിപ്പറ്റി പല സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ ഫോണ്‍ കോളിന്റെ ഉറവിടം പൊലീസ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

ഏറ്റവുമൊടുവില്‍ കേരളത്തിലെ വടക്കേയറ്റത്തെ ജില്ലയായ കാസര്‍കോട് മദ്രസ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നീക്കങ്ങളും സംശകരമാണെന്നാണ് മുസ്‌ലിം സംഘടനകളുടെ വിലയിരുത്തല്‍. സംഭവത്തില്‍ പിടിക്കപ്പെട്ടവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നതിന് തെളിവുകള്‍ പുറത്തു വന്നിട്ടും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന തരത്തിലുള്ള പൊലീസ് ഭാഷ്യം സംശയങ്ങള്‍ക്കിടവരുത്തിയിട്ടുണ്ട്. സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്കു മുമ്പ് മുസ്‌ലിം ലീഗ് പിന്തുണയുള്ള സംഘടനയായ സുന്നി യുവജന സംഘം മലപ്പുറത്ത് പ്രതിഷേധ റാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

“ഇത് തന്നെയാണ് ഇവിടുത്തെ ലിറ്റ്മസ് ടെസ്റ്റ്. ഈ കളിയിൽ സിപിഎമ്മിന്റെ നിറം മാറുന്നത് കാണാം. ചുവപ്പ് കാവിയാകുന്നതിന്റെ രസതന്ത്രം. കഴിഞ്ഞ തവണ മാത്രമല്ല, വോട്ട് ലഭിച്ച അന്ന് മുതൽ എൽഡിഎഫിന് മാത്രമേ ചെയ്തിട്ടുളളൂ. ഇനി വേണേൽ ചെയ്യാതിരിക്കും പക്ഷേ മറ്റൊരു ചിഹ്നത്തിൽ കുത്തില്ല, അത് പറ്റില്ല, കോണിയിൽ ഒരിക്കലും ചെയ്യില്ല. പക്ഷേ സിപിഎമ്മിന് ചെയ്യാനും മനസ്സ് അനുവദിക്കുന്നില്ല. ബിജെപിയെ രാഷ്ട്രീയ പാർട്ടിയായി പോലും കാണുന്നില്ല. അത് ഫാസിസ്റ്റ് പാർട്ടിയാണ്. എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ബിജെപിയും എല്ലാം ഒന്നുതന്നെ. മുഖ്യമധാര മുന്നണിയിൽ ഭേദം സിപിഎമ്മായിരുന്നു. പക്ഷേ, അവരും വഴിതെറ്റുന്നു. ഇതുവരെ നാല് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എല്ലാം ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ഇത്തവണ വിട്ടുനിന്നാലോ എന്നാണ് ആലോചന. മറ്റൊരു ചിഹ്നത്തിൽ കുത്തി ശീലമില്ല അതുകൊണ്ടാണ്. കടുത്ത ഇടതുപക്ഷ അനുഭാവിയായ മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻറെ വാക്കുകളാണിത്. ജോലിയെ ബാധിക്കുമോ എന്ന ഭയം കൊണ്ട് പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധന്നയോടെയാണ് അദ്ദേഹം ഈ വാക്കുകൾ ഉദ്ധരിക്കാൻ അനുമതി നൽകിയത്.

ഈ മൂന്ന് സംഭവങ്ങൾക്കൊപ്പം മതപ്രഭാഷണത്തിന്റെ പേരിൽ പൊലീസ് മുസ്‌ലിം സമുദായത്തിൽ പെട്ടവരോട് ചെയ്യുന്ന അതിക്രമങ്ങൾ, അതേസമയം ഇതുപോലെയോ ഇതിനേക്കാൾ വർഗീയ വിഷം ചുരത്തുന്ന ഹിന്ദുവർഗീയപ്രഭാഷകരെ പിന്തുണയ്ക്കുന്ന പൊലീസ് നടപടികൾ എല്ലാം ഇടതുപക്ഷക്കാലത്തും അതുപോലെ തുടരുമ്പോൾ രമേശ് ചെന്നിത്തലയിൽ നിന്നും പിണറായി വിജയനിലേയ്ക്കുള്ള പാലവും ലോക്‌നാഥ് ബെഹ്റയിലേയ്ക്ക് സെൻകുമാറിൽ നിന്നുളള ദൂരവും കുമ്മനം രാജശേഖരനിലൂടെയും ശശികലയിലൂടെയുമാണ് എന്ന് മനസ്സിലാകും. തിരൂരിൽ നിന്നും ട്രെയിനിൽ കയറിയ സഹയാത്രികനായ അനീസ് മുഹമ്മദ് പറയുന്നു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടറല്ല ജില്ലക്കാരനാണ്. പക്ഷേ ജോലി ചെയ്യുന്നത് മലപ്പുറം മണ്ഡലത്തിലാണ്. ഇത് പറഞ്ഞത് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. ഒട്ടേറെ പേരുമായി സംസാരിക്കേണ്ടി വരുന്നുണ്ട്. ഇപ്പോൾ നിങ്ങളുമായി സംസാരിച്ചതുപോലെ. അങ്ങനെ ലഭിക്കുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലുളള വിലയിരുത്തലാണ് ഈ പറഞ്ഞത്. ലീഗിനോട് ആളുകൾക്ക് രാഷ്ട്രീയമായ അനുഭാവത്തേക്കാൾ മറ്റുളള ചോയിസുകൾ അവരെ കബളിപ്പിക്കുന്നു. എന്നാൽ പിന്നെ ലീഗുകാർ തന്നെ കബളിപ്പിച്ചോട്ടെ എന്ന ചിന്ത അവരെ വീണ്ടും ലീഗിലേയ്ക്കു തന്നെ കൊണ്ടു കെട്ടുന്നതാണ്. അവർ ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഎമ്മിനെ വിശ്വസിച്ചു. പക്ഷേ അവർക്കു കിട്ടിയത് പഴയ അതേ അനുഭവം. മാറ്റമല്ല, ആവർത്തനം. പിന്നെ അവരെന്തിന് വീണ്ടും സിപിഎമ്മിനെ പിന്തുണയ്ക്കണം. അതിനേക്കാൾ അവർക്ക് കുട്ടിക്കാലം മുതലേ കണ്ട കോണി ചവിട്ടിയാൽ പോരേ? വേണമെങ്കിൽ ഇന്നത്തെ മാർക്കറ്റ് വാല്യൂവച്ചാൽ മലപ്പുറത്തുകാർക്ക് നൊസ്റ്റാൾജിയയും ലീഗിനോടുണ്ടാകും. അത് എനിക്കുണ്ട് അതുകൊണ്ടാണ്. ചിരിച്ചുകൊണ്ട് അനീസ് മുഹമ്മദ് മലപ്പുറത്തെ ചൂടു പിടിച്ച തിരഞ്ഞെടുപ്പിന്റെ അണിയറയിലെ അനുഭവങ്ങൾ പങ്കുവച്ചു.

എല്ലാം ശരിയാകുമെന്ന് പറഞ്ഞു ഒന്നും ശരിയായില്ല. മാത്രമല്ല കൂടുതൽ വഷളാവുകയും ചെയ്തു. കഴിഞ്ഞ 20 വർഷമെടുത്താൽ ഭേദം കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയായിരുന്നു. വിഎസ്.അച്യുതാനന്ദന് ഒന്നും ചെയ്യാനൊന്നും കഴിഞ്ഞില്ലെങ്കിലും കാര്യങ്ങളൊക്കെ ഒരുവിധം നടന്നുപോയി. മൂന്നാർ, അഴിമതി വിരുദ്ധം എന്നൊക്കെ കുറേ ബഹളംവെയ്ക്കുകയെങ്കിലും ചെയ്തു. ഇപ്പോൾ കഴിഞ്ഞ ആറ് വർഷമായി എന്താണ് സ്ഥിതി. ഈ സോഷ്യൽ ഫാബ്രിക് ഇതുപോലെ തകർന്ന കാലമുണ്ടായിട്ടുണ്ടോ? റിയാസ് ഇബ്രാഹിം എന്ന പ്രവാസി മലയാളി ചോദിക്കുന്നു. പത്ത് മാസമായിട്ടുളള പ്രശ്നമല്ലിത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലം മുതലുളളത്. അതിൽ മാറ്റം വരുന്നില്ലെന്ന് മാത്രമല്ല, അത് കൂടുതൽ വലത്തോട്ട് വളഞ്ഞ് വഷളാവുകയും ചെയ്യുന്നുവെന്നതാണ് നാട്ടിൽ വരുമ്പോൾ മനസ്സിലാകുന്നത്. ഇടതുപക്ഷത്തോട് താൽപര്യമുളളയാളാണ് താൻ എന്ന് പറഞ്ഞ റിയാസിന്റെ സ്വരത്തിൽ വിഷാദരാഗം നിറഞ്ഞു നിന്നിരുന്നു.

എന്നാൽ ഈ അഭിപ്രായത്തോട് കഠിനമായ വിയോജിപ്പ് രേഖപ്പെടുത്തുകയാണ് അനസും രമേഷും. രണ്ടുപേർക്കും മതന്യൂനപക്ഷങ്ങളും ദലിത് വിഭാഗങ്ങളും എൽഡിഎഫിനോട് ചേർന്നു നിൽക്കുമെന്ന പ്രതീക്ഷയാണ്. ഇന്ത്യയിലെമ്പാടും നടക്കുന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും ഫാസിസ്റ്റ് നടപടികളെ നേരിടാൻ ഇടതുപക്ഷത്തിനേ കഴിയൂ. യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കേരളത്തിലും അവരിൽ പ്രതീക്ഷയില്ല. സ്വത്വവാദികളാണ് സിപിഎമ്മിനെതിരെ മതന്യൂനപക്ഷങ്ങളെയും ദലിതരെയും തിരിക്കാൻ ശ്രമിക്കുന്നത്. ഇത് ഫാസിസ്റ്റുകളെ സഹായിക്കാനാണ് ഉതകുക. ഇടതുപക്ഷത്തോടൊപ്പം വരുന്നവരുടെ എണ്ണം വർധിക്കുകയേ ചെയ്യുകയുള്ളൂ. യാസിർ വധക്കേസിലെ വിചാരണയും വാദവും നടക്കുമ്പോൾ കോൺഗ്രസ് സർക്കാരിന്റെ വക്കീലാണ് ഉണ്ടായിരുന്നത്. സിപിഎമ്മിനോ ഇടതുപക്ഷ സർക്കാരിനോ അതിൽ പങ്കില്ല. ഫൈസൽ വധക്കേസിലും കാസർകോട് റിയാസ് വധക്കേസിലും പ്രതികളെ പിടികൂടിയില്ലേ. താനൂരിൽ എൽഡിഎഫ് ജയിച്ചതുമുതൽ ലീഗ് നടത്തുന്ന അതിക്രമങ്ങളാണ്. അതാണ് ഇപ്പോൾ വഷളായത് അതിന് എന്തിന് എൽഡിഎഫിനെ കുറ്റം പറയണം. അവരിരുവരും ചോദിക്കുന്നു.

ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകളുടെ മാറിമറിയലുകളെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ്. 2014-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം മൂന്നു വര്‍ഷത്തിനിടെ മലപ്പുറം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകളുടെ മാറിമറിയലുകളെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ്. 2014-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം മൂന്നു വര്‍ഷത്തിനിടെ മലപ്പുറം മണ്ഡലത്തില്‍ 13,12,693 വോട്ടര്‍മാരാണ് പുതുതായി വന്നത്. 6,56,420 സ്ത്രീകളും 6,56,273 പുരുഷന്‍മാരും. ഇവരുടെ വോട്ടുകൾ എങ്ങോട്ടു മറിയുമെന്നത് തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.