തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടും. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരു രൂപയാണ് കൂട്ടുന്നത്. 29 രൂപയുണ്ടായിരുന്ന മില്‍മ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമാകും. നാളെമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.
എന്നാൽ, പാല്‍ വില കൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും വില വര്‍ധനവ് അറിഞ്ഞിട്ടില്ലെന്നും മന്ത്രി ജെ.ചിഞ്ചുറാണി പ്രതികരിച്ചു. വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഏറെ ആവശ്യക്കാരുള്ള നീല കവര്‍ പാലിന് വില കൂടില്ല. അഞ്ച് മാസം മുമ്പ് പാല്‍ ലിറ്ററിന് ആറുരൂപ നിരക്കില്‍ വര്‍ധിപ്പിച്ചിരുന്നു. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വിലകൂട്ടല്‍ നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ ഈ വില കൂട്ടൽ കൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മില്‍മ നേരിടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ട് കവറും വിറ്റ് പോകുന്നത് മൊത്തം വില്‍പനയുടെ അഞ്ച് ശതമാനം മാത്രമാണ്.
റിപൊസിഷനിങ് മില്‍മ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ വില കൂടുന്നത്. ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈന്‍, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാല്‍ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് വിശദീകരണം. നേരത്തെ മറ്റു ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയപ്പോള്‍ റിച്ചും സ്മാര്‍ട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.