പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്‌സ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് തുടരുന്നു. പരിശോധനയിൽ കണക്കിൽപ്പെടാത്ത അഞ്ച് കോടി രൂപയാണ് പിടിച്ചെടുത്തത്. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പരിശോധന. വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അഞ്ച് വർഷത്തിനിടെ വിദേശ സഹായമായി എത്തിയത് 6,000 കോടിയെന്നാണ് ആദായ നികുതിവകുപ്പിന്റെ പ്രാഥമിക നിഗമനം.
തിരുവല്ലയിലെ സഭ ആസ്ഥാനത്തുനിന്ന് കണക്കിൽപ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയിലധികം രൂപ ഇന്നലെ പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായുള്ള ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ 40 സ്ഥാപനങ്ങളിലാണ് ഇന്നലെ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്. പലയിടത്തും റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്.
ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ.പി.യോഹന്നാന്റെ വീട്ടിലും പരിശോധന നടത്തി.
Read Also: ബിനീഷ് ബോസും ഡോണുമല്ല, തന്റെ കുട്ടികളുടെ അച്ഛൻ; ഇ ഡി ഭീഷണിപ്പെടുത്തിയെന്നും റെനീറ്റ
തിരുവല്ലയിലെ സഭയുടെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയിൽ നിന്നാണ് ഇന്നലെ 57 ലക്ഷം രൂപ പിടിച്ചെടുത്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവിധ രേഖകളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതിൽ സ്ഥാപനം സമർപ്പിച്ച കണക്കുകളിൽ വൈരുധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ തുടർന്നാണ് പരിശോധന നടന്നത്.
സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടുകൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് മരവിപ്പിച്ചിരുന്നു.