കൊച്ചി: സീറോ മലബാർ സഭയുടെ വിവാദമായ ഭൂമിയിടപാടിനായി ഉപയോഗിച്ചത് കളളപ്പണം ആണെന്ന് ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. ഇതേ തുടർന്ന് ഇടനിലക്കാരുടെയും ഇടപാടുകാരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചു.

കേസ് വിവാദമായപ്പോൾ ഇടനിലക്കാരൻ നികുതിയടക്കാൻ ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ഓഫീസിൽ എത്തിയിരുന്നു. ഇവിടെ നിന്നാണ് ഇടപാടിൽ കളളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്ന സംശയം ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതെന്നാണ് ലഭിച്ച വിവരം. ഇതേത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

റെയ്‌ഡിൽ ഇടനിലക്കാരുടെയും ഇടപാടുകാരുടെയും ഓഫീസുകളും വീടുകളും പരിശോധന നടത്തി. ഇതിൽ നിന്നും രേഖകളിലെ തുകകൾ തമ്മിൽ ചേർച്ചയില്ലെന്ന് വ്യക്തമായി. ഇതോടെ പണം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുളള കരുതൽ നടപടിയെന്നോണം അക്കൗണ്ടുകൾ മരവിപ്പിക്കുകയായിരുന്നുവെന്ന് ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ ഉളള ഹൈക്കോടതി വിധിയും, ഇത് തടഞ്ഞ നടപടിയും വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

ഇതിന് തൊട്ടുപിന്നാലെയാണ് ആദായ നികുതി വകുപ്പ് ഭൂമി വിൽപ്പനയിലെ ഇടനിലക്കാരനും ഇടപാടുകാർക്കും എതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ നിന്ന് കത്തോലിക്ക സഭയെയും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെയും ഒഴിവാക്കില്ലെന്നാണ് ആദായ നികുതി വകുപ്പിൽ നിന്ന് ലഭിച്ച വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.