കൊച്ചി: പ്രമുഖ മലയാളി വ്യവസായി ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതെന്ന് വിവരം ലഭിച്ചു. കേരളത്തിലും തമിഴ്നാട്ടിലും ഏതാണ്ട് 60 തോളം ഇടത്താണ് ആദായനികുതി വകുപ്പ് സംഘം പരിശോധന നടത്തുന്നത്.
കേരളത്തിൽ ഗോകുലം ഫിനാൻസിന്റെ 30 സ്ഥാപനങ്ങൾ പരിശോധന നടക്കുന്നുണ്ട്. രാവിലെ 8 മണിക്കാണ് പരിശോധന ആരംഭിച്ചത്. ഇതോടൊപ്പം ഗോകുലം ചിറ്റ് ഫണ്ട്സിലും പരിശോധന നടക്കുന്നുണ്ടെന്നാണ് അറിവ്. തമിഴ്നാട്ടിൽ ഏതാണ്ട് 25 ഗോകുലം സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലുമായി ഇദ്ദേഹത്തിന്റെ വസതികളും പരിശോധന പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. റെയ്ഡ് വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.