/indian-express-malayalam/media/media_files/uploads/2019/09/congress-flag-759-1.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് പാർട്ടി. നേതാക്കൾക്കും പ്രവർത്തകർക്കുമായി പ്രവർത്തന മാർഗരേഖ പുറത്തിറക്കി. പുതിയ 14 ഡിസിസി പ്രസിഡന്റുമാർക്കായി തിരുവനന്തപുരത്ത് നടത്തുന്ന ശില്പശാലയിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് പി.ടി.തോമസാണ് മാർഗരേഖ അവതരിപ്പിച്ചത്. കേഡർ പാർട്ടിയിലേക്കുള്ള കോൺഗ്രസിന്റെ മാറ്റത്തിനു പാതയൊരുക്കി കൊണ്ടുള്ളതാണ് മാർഗരേഖ.
പാർട്ടിയിലെ മുഴുവൻ സമയ കേഡർ പ്രവർത്തകർക്ക് ഇൻസെന്റീവ്, പാർട്ടി പരിപാടികളിലെ വേദികളിൽ നേതാക്കളെ നിയന്ത്രിക്കും, നേതാക്കൾ സ്വന്തം നിലയിൽ ഫ്ലെക്സുകൾ വയ്ക്കുന്ന രീതി മാറ്റണം തുടങ്ങിയ നിർദേശങ്ങൾ അടങ്ങുന്നതാണ് മാർഗരേഖ.
കേഡർ പ്രവർത്തകരുടെ മുഴുവൻ സമയ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായാണ് പ്രതിമാസ ഇൻസെന്റീവ് നൽകാനുള്ള തീരുമാനം. ഒപ്പം ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറ് മാസം കൂടുമ്പോൾ വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാർക്കാണ് പ്രവർത്തനം വിലയിരുത്താനുള്ള ചുമതല. ഇതിന്റെ റിപ്പോർട്ട് കെപിസിസിക്ക് നൽകണം. പ്രവർത്തനത്തിൽ വീഴ്ചയുണ്ടെങ്കിൽ വിശദീകരണം തേടി നടപടിയെടുക്കും. തർക്കങ്ങളും പരാതികളും ജില്ലാതല സമിതിയുണ്ടാക്കി തീർപ്പാക്കണമെന്നും മാർഗരേഖയിൽ നിർദേശമുണ്ട്.
കല്യാണം, മരണാന്തര ചടങ്ങുകൾ തുടങ്ങി സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവർത്തകരും സജീവമായി ഇടപെടണം. സ്വന്തം നിലയിൽ ഫ്ലെ ക്സുകൾ വയ്ക്കുന്നത് നിർത്തി പാർട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമേ ഇനി ഫ്ലെക്സ് സ്ഥാപിക്കാവൂവെന്ന നിർദേശവുമുണ്ട്.
Also read: നിപ: 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
അതുപോലെ പാർട്ടി വേദികളിൽ ആൾ കൂടുന്ന കോൺഗ്രസ്സിന്റെ പതിവ് രീതിയിലും മാറ്റം വരുത്താൻ നിർദേശമുണ്ട്. സംസ്ഥാന നേതാക്കളെ പരിപാടികൾക്ക് പ്രാദേശിക നേതാക്കൾ നേരിട്ട് വിളിക്കുന്നത് ഒഴിവാക്കാനും മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂവെന്നും മാർഗരേഖയിൽ പറയുന്നു.
ഡിസിസി പ്രസിഡന്റുമാരുടെ അഭിപ്രായങ്ങളും കൂടി ഉൾപ്പെടുത്തി മാർഗരേഖ പുതുക്കി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം. നേരത്തെ ആറ് മാസത്തിനുള്ളിൽ കോൺഗ്രസ്സിൽ അടിമുടി മാറ്റം ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.